Categories
kerala

ധര്‍മശാലയിലെ രാവ്‌ ഉല്‍സവശോഭയില്‍…ഹാപ്പിനെസ്‌ ഫെസ്റ്റിവലിന്‌ ഒരുങ്ങി

കണ്ണൂര്‍ ജില്ല ഇതു വരെ കണ്ടിട്ടില്ലാത്ത മിഴിവും ആകര്‍ഷണീയതയുമുള്ള കലാസന്ധ്യകളും കേരളം കാണാനും കേള്‍ക്കാനും കൊതിക്കുന്ന അതി പ്രശസ്‌തരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന വേദികളും ധര്‍മശാലയ്‌ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിക്കാന്‍ പോകുന്നത്‌

Spread the love

ആന്തൂര്‍ നഗരസഭയുടെ തലസ്ഥാനമായ ധര്‍മശാലയുടെ രാജവീഥികള്‍ രാത്രി ശോഭായമാനമാണ്‌. നിറയെ ദീപാലംകൃതമായ വഴികള്‍. വ്യാപാരസ്ഥാപനങ്ങളെല്ലാം ബഹുവര്‍ണദീപ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്നു. പാതയോരത്തെ മരങ്ങളെല്ലാം മിന്നാമിനുങ്ങുകൂട്ടം നിറഞ്ഞു മിന്നിനില്‍ക്കുന്നതുപോലെ ചെറിയ വര്‍ണ ബള്‍ബുകളുടെ തിളക്കത്തിലാണ്‌….

തളിപ്പറമ്പ്‌ നിയോജക മണ്ഡലത്തിന്റെ സ്വപ്‌നപരിപാടിയായ ഹാപ്പിനെസ്‌ ഫെസ്റ്റിവലിന്റെ ഒരുക്കമാണ്‌ ധര്‍മശാലയിലാകെ. വെള്ളിയാഴ്‌ച രാത്രി നടക്കുന്ന രാത്രിനടത്തത്തോടെ ആരംഭിക്കുന്ന ഫെസ്റ്റിവല്‍ 24-ന്‌ വൈകീട്ട്‌ നടക്കുന്ന ഔദ്യോഗിക ഉദ്‌ഘാടനത്തോടെ ആവേശത്തിന്റെ കൊടുമുടിയിലേക്ക്‌ ഉയരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്‌ച വൈകീട്ട്‌ ഹാപ്പിനെസ്‌ ഫെസ്റ്റിവലിന്‌ തിരിതെളിയിക്കും. ഇതോടെ ഒരാഴ്‌ച നീളുന്ന ഉല്‍സവ രാവുകള്‍ക്കും ആഘോഷത്തിന്റെയും വിനോദപരിപാടികളുടെയും പകലുകള്‍ക്കും തുടക്കമാകും.

thepoliticaleditor

കണ്ണൂര്‍ ജില്ല ഇതു വരെ കണ്ടിട്ടില്ലാത്ത മിഴിവും ആകര്‍ഷണീയതയുമുള്ള കലാസന്ധ്യകളും കേരളം കാണാനും കേള്‍ക്കാനും കൊതിക്കുന്ന അതി പ്രശസ്‌തരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന വേദികളും ധര്‍മശാലയ്‌ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിക്കാന്‍ പോകുന്നത്‌. ഇത്രയും സമൃദ്ധമായ കലാപരിപാടികള്‍ക്ക്‌ ഇതേവരെ കണ്ണൂര്‍ ജില്ല സാക്ഷ്യം വഹിച്ചിട്ടില്ല.

ഇനിയുള്ള ധനുത്തണുപ്പാര്‍ന്ന രാവുകള്‍ കലാസമൃദ്ധമായ വേദികളുടെ തിളക്കത്തില്‍ ഉന്മാദഭരിതമാകുമ്പോള്‍ പകലുകള്‍ വാണിജ്യ പ്രദര്‍ശനങ്ങളുടെയും ഫുഡ്‌ ഫെസ്റ്റിന്റെയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിനോദ റൈഡുകളുടെയും ആഘോഷത്തിലായിരിക്കും. കണ്ണൂര്‍ ഗവ.എന്‍ജിനിയറിങ്‌ കോളേജ്‌ ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുള്ള കൂറ്റന്‍ പന്തലിലെ നൂറുകണക്കിന്‌ സ്റ്റാളുകള്‍…ജയന്റ്‌ വീല്‍, ഹെലിക്കോപ്‌റ്ററിലെ ആകാശപ്പറക്കല്‍ ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍ക്ക്‌ അവസരം-പത്ത്‌ ലക്ഷം പേരെ ഈ മേളയിലേക്ക്‌ ആകര്‍ഷിക്കാനാണ്‌ സംഘാടകരുടെ തീരുമാനം.

മേളയിലേക്കുള്ള പ്രവേശനത്തിന്‌ 20 രൂപയുടെ വ്യക്തിഗത ടിക്കറ്റും വിവിധ തലത്തിലുള്ള ഫാമിലി സീസണ്‍ ടിക്കറ്റുകളും ഉണ്ട്‌. 100 രൂപയുടെ സീസണ്‍ ടിക്കറ്റില്‍ അഞ്ചു പേര്‍ക്ക്‌ എല്ലാ ദിവസവും മേളയില്‍ പ്രവേശനം ലഭിക്കും. പ്രീമിയം സീസണ്‍ ടിക്കറ്റുകളും ലഭ്യമാണ്‌.

കലാസന്ധ്യയുടെ പ്രധാനവേദി ആന്തൂര്‍ നഗരസഭയുടെ ധര്‍മ്മശാലയിലുള്ള സ്റ്റേഡിയത്തിലെ അത്യാധുനികമായ സ്റ്റേജാണ്‌. ഒപ്പം ചില പരിപാടികള്‍ ഗവ.എന്‍ജിനിയറിങ്ങ്‌ കോളേജിന്റെ ഓഡിറ്റോറിയത്തിലും നടക്കും. ക്രിസ്‌മസ്‌ ആഘാഷരാവും പിന്നീട്‌ പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന രാവാഘോഷവും ഫെസ്റ്റിവലിന്റെ ഭാഗമാണ്‌. 31-ന്‌ രാത്രി പുതുവര്‍ഷാഘോഷത്തോടെയാണ്‌ ഹാപ്പിനെസ്‌ ഫെസ്റ്റിവലിന്റെ സമാപനം.

ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി. മുകുന്ദന്‍ ചെയര്‍മാനും എ.നിശാന്ത്‌ ജനറല്‍ കണ്‍വീനറുമായ സംഘാടകസമിതിയാണ്‌ ഹാപ്പിനെസ്‌ ഫെസ്റ്റിവലിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്‌. ഒപ്പം എല്ലാറ്റിനും മാര്‍ഗനിര്‍ദ്ദേശവുമായി എം.എല്‍.എ. എം.വി.ഗോവിന്ദനും അദ്ദേഹത്തിന്റെ സ്‌റ്റാഫും രംഗത്തുണ്ട്‌. അര ഡസന്‍ ഉപസമിതികളും അഹോരാത്രം പ്രവര്‍ത്തനവുമായി സക്രിയമാണ്‌.
ഫെസ്റ്റിവലിന്റെ ഭാഗമായി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഒട്ടേറെ വൈവിധ്യമാര്‍ന്ന കലാ-കായിക മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിലെ വിജയികള്‍ക്ക്‌ ഫെസ്റ്റിവല്‍ വേദിയില്‍ സമ്മാനങ്ങള്‍ നല്‍കും.

Spread the love
English Summary: happiness festival commences on friday

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick