തിരിച്ചുവരവില്‍ പ്രതീക്ഷ വെച്ച് ബംഗാളിലെ സിപിഎം ഇപ്പോള്‍ പുതിയ വഴികളെ ഉപാധിയില്ലാതെ സ്വീകരിക്കുകയാണെന്ന് ആ സംസ്ഥാനത്തു നിന്നുളള റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവ വോട്ടര്‍മാരെയും പുതിയ വോട്ടര്‍മാരെയും ഏറ്റവും അധികം ആകര്‍ഷിക്കുന്ന നയത്തിന്റെ ഭാഗമായി ഇപ്പോള്‍ നിര്‍മിത ബുദ്ധിയനുസരിച്ചുള്ള പ്രചാരണത്തിലേക്കും പാര്‍ടി കടന്നിരിക്കുന്നു. പാര്‍ടിക്ക് ഇപ്പോള്‍ നിര്‍മിത ബുദ്ധിയില്‍ രൂപപ്പെടുത്തിയ വാര്‍ത്താ അവതാരികയുണ്ട്. പ്രതിവാര വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിക്കുന്നത് ഈ നിര്‍മിതബുദ്ധി സുന്ദരിയാണ്. സമത്വം എന്നർത്ഥം വരുന്ന ‘സമത’ എന്ന നിർമിത ബുദ്ധിയാലുണ്ടാക്കിയ ന്യൂസ് അവതാരക ശ്രദ്ധയാകർഷിക്കുന്നുണ്ട്. “സാമൂഹികവും സാമ്പത്തികവുമായ സമത്വത്തിനുവേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്, കഴിഞ്ഞ 10 വർഷമായി അത് അടിച്ചമർത്തപ്പെട്ടു. അതിനാൽ ഞങ്ങൾ ഈ പദ്ധതിക്ക് ‘സമത’ എന്ന് പേരിട്ടു. ”– പാർട്ടിയുടെ എ.ഐ.പദ്ധതിയുടെ കോർ ഗ്രൂപ്പിൻ്റെ ഭാഗമായ മുതിർന്ന നേതാവ് സമിക് ലാഹിരി പറഞ്ഞു. ‘സമത’യ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . ചില ബുള്ളറ്റിനുകൾക്ക് അഞ്ചു ലക്ഷം വരെ കാണികളെ ലഭിച്ചു.
“ഞങ്ങൾ കൂടുതലും പുതുമുഖങ്ങളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ കഷ്ടിച്ച് മൂന്ന് പേരേ ഉള്ളൂ.”– സമിക് ലാഹിരി പറഞ്ഞു.
കമ്പ്യൂട്ടറൈസേഷനെ എതിര്‍ത്ത പാര്‍ടിയാണ് ഇപ്പോള്‍ നിര്‍മിത ബുദ്ധിയെ ഉപയോഗിക്കുന്നതെന്ന് പരിഹസിച്ച ബിജെപിയും, തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ കമ്പ്യൂട്ടറൈസേഷനെ അല്ല, പകരം അതിലൂടെയുള്ള തൊഴില്‍ നഷ്ടത്തെ മാത്രമാണ് എതിര്‍ത്തതെന്ന് സിപിഎം വാദിക്കുന്നുണ്ട്. എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിച്ച് തങ്ങള്‍ പഴയ അഭിരുചികളെ ബംഗാളികളില്‍ വീണ്ടും ഉണര്‍ത്തുകയാണെന്നും പാര്‍ടി പറയുന്നു.
പാര്‍ടി നിയന്ത്രിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ഇപ്പോള്‍ ബംഗാളില്‍ വളരെ സജീവമാണ്. വലിയ ടെക് കമ്പനികളില്‍ ഉള്ള ഇടതുപക്ഷ അനുഭാവികളെ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. അവര്‍ കോര്‍ ഗ്രൂപ്പിന് നല്ല സാങ്കേതിക സഹായം നല്‍കുന്നുണ്ടെന്നും വക്താക്കള്‍ പറയുന്നു.
“എ.ഐ-യുടെ ഗുണദോഷങ്ങളെ കുറിച്ച് സിപിഎമ്മിന് നല്ല ബോധ്യമുണ്ട്. ഞങ്ങളുടെ ജോലിയിൽ സഹായിക്കാൻ ഞങ്ങൾ എ.ഐ. യുടെ നല്ല വശം ഉപയോഗിക്കുന്നു. ഞങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ പൂർണ്ണമായും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഞങ്ങൾ ഒരിക്കലും കമ്പ്യൂട്ടർവൽക്കരണത്തെ എതിർത്തിട്ടില്ല. ജീവനക്കാരെ പിരിച്ചുവിടുന്നതിനെയാണ് എതിർത്തത്.”– സമിക് ലാഹിരി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത് ഇങ്ങനെ.
34 വർഷം പശ്ചിമ ബംഗാൾ ഭരിച്ച സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭയിലും ഒരു സീറ്റ് പോലും നേടാനായില്ല. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ വിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് മാറിയതാണ് പാർട്ടിക്ക് വലിയ തിരിച്ചടിയായത്. 2014ൽ 23 ശതമാനമായിരുന്ന പാർട്ടി വോട്ട് വിഹിതം 2019ൽ 6.3 ശതമാനമായി കുറഞ്ഞു.
ഇത്തവണ തൃണമൂൽ വിരുദ്ധ വോട്ടുകൾ ഏകീകരിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. എന്നാൽ പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം സിപിഎമ്മിന് ആശയപരമായും സംഘടനാപരമായും ഇപ്പോൾ പ്രസക്തിയില്ലെന്നാണ് ബംഗാൾ ബിജെപിയുടെ മുഖ്യ വക്താവ് സമിക് ഭട്ടാചാര്യ പറയുന്നത്. സിപിഎം ഇത് തള്ളിക്കളയുന്നു.