പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ നടപടി. യുവതിയെ ഉപദ്രവിച്ച പ്രതി രാഹുല്‍ രാജ്യം വിട്ടതിന് പിന്നാലെയാണ് എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തത് .
നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്. അന്വേഷണത്തിന് ഫറോക്ക് എസിപിയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു.
എസ്എച്ച്ഒയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരു പൊലീസ് ഓഫിസര്‍ക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് എസ്എച്ച്ഒയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷനറുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി സമര്‍പ്പിച്ചിരുന്നു. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.
പ്രതിയായ രാഹുലിനെ വിദേശത്തേക്ക് കടക്കാന്‍ പരോക്ഷ സഹായമായിത്തീര്‍ന്നത് പന്തീരാങ്കാവ പോലീസിന്റെ നടപടികളാണ്. തുടക്കത്തിലേ രാഹുലിനെ സഹായിക്കുന്ന സമീപനമായിരുന്നു എസ്.എച്ച്.ഒ. സരിന് ഉണ്ടായിരുന്നത് എന്ന് യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ബംഗലുരു വഴിയാണ് രാഹുല്‍ സിംഗപ്പൂരിലേക്ക് കടന്നത്. ജര്‍മനിയില്‍ എന്‍ജിനിയറാണ് രാഹുല്‍.