വ്യാജ വീഡിയോ വിവാദത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയം കലങ്ങി നില്‍ക്കുമ്പോള്‍ പക്ഷേ നമ്മളറിയുന്നില്ല ഇതെല്ലാം വെറും ചെറുത് ആണെന്ന്. കെ.കെ.ഒട്ടിച്ച് ഇറക്കിയതല്ല ഒറിജിനലിനെ വെല്ലുന്ന ഡീപ് ഫെയ്ക് വീഡിയോകളാണ് ഇപ്പോള്‍ ഇന്ത്യയിലെ താരം. നിര്‍മിത ബുദ്ധി ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കിയ ഇത്തരം ആള്‍രൂപ വീഡിയോകള്‍ സ്ഥാനാര്‍ഥികളുടെതല്ല, പകരം കോടിക്കണക്കിന് ആരാധകരുള്ള ബോളിവുഡ് താരങ്ങളുടെതാണ്.
ഓണ്‍ലൈനില്‍ വൈറലായിരിക്കുന്ന രണ്ട് വ്യാജ വീഡിയോകളില്‍ ഇന്ത്യയിലെ രണ്ട് മുന്‍ നിര താരങ്ങള്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുകയാണ്.
കേരളത്തിലാകട്ടെ കെ.കെ.ശൈലജയുടെ തല വെട്ടിയൊട്ടിച്ച വ്യാജ ചിത്രങ്ങളും വീഡിയോയും ഇറക്കിയെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് രാജ്യത്ത് അത്യാധുനിക സാങ്കേതിക വിദ്യ വ്യാജ നിര്‍മ്മിതിക്കായി ഉപയോഗിക്കുന്നത്.
ആമിര്‍ ഖാന്‍, രണ്‍വീര്‍ സിങ് എന്നിവരുടെ ഒറിജിനലിനെ വെല്ലുന്ന വീഡിയോകളാണ് ഇറങ്ങിയിരിക്കുന്നത്. ഇവര്‍ രണ്ടു പേരും പ്രധാനമന്ത്രി മോദി രണ്ടു തവണയായി അധികാരത്തിലെത്തിയിട്ടും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയമായെന്നും പറയുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. നീതിക്ക് വോട്ട് ,കോണ്‍ഗ്രസിന് വോട്ട് എന്ന മുദ്രാവാക്യത്തിലാണ് ഈ രണ്ട് വീഡിയോയും അവസാനിക്കുന്നത്. കഴിഞ്ഞ ആഴ്‌ച മുതൽ രണ്ട് വീഡിയോകളും സോഷ്യൽ മീഡിയയിൽ അര ദശലക്ഷത്തിലധികം തവണ കണ്ടുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നു.
നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ സംബന്ധിച്ച ആശങ്ക വര്‍ധിപ്പിക്കുന്നതാണ് ഇത്തരം ഡീപ് ഫെയ്ക് വീഡിയോകള്‍.
രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണം വളരെക്കാലമായി വീടുതോറുമുള്ള ജനസമ്പർക്കങ്ങളിലും പൊതു റാലികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു. എന്നാൽ വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയെ പ്രചാരണ ഉപകരണങ്ങളായി വ്യാപകമായി ഉപയോഗിക്കുന്നത് 2019-ൽ ആരംഭിച്ചു. ഈ വർഷത്തെ പൊതുതെരഞ്ഞെടുപ്പിലാണ് നിർമിത ബുദ്ധി ശരിയായും വ്യാജമായുമുള്ള പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
ആ സന്ദര്‍ഭത്തിലാണ് കേരളത്തില്‍ ചിത്രം വെട്ടിയൊട്ടിച്ചുള്ള വ്യാജപ്രചാരണം, അപമാനിക്കല്‍ തുടങ്ങിയ വിവാദങ്ങളുമായി തിരഞ്ഞെടുപ്പു പോരാട്ടം അരങ്ങു തകര്‍ക്കുന്നത് എന്നത് കൗതുകമായിത്തീരുന്നു.