Categories
latest news

രാഹുല്‍ റായ്ബറേലി തിരഞ്ഞെടുത്തു…അമേഠി ഉപേക്ഷിച്ചതിന് പിന്നിൽ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലി സീറ്റിൽ നിന്നും ജനവിധി തേടും. ഏറെ ചർച്ചകൾക്കിടയിലാണ് അവസാന നിമിഷം രാഹുല്‍ അമേഠിയില്‍ മല്‍സരിക്കുന്നില്ലെന്നും റായ്ബറേലിയിലേക്ക് മാറാന്‍ തീരുമാനിച്ചതും.

2019ൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെടുന്നതിന് മുമ്പ് രാഹുൽ ഗാന്ധി 15 വർഷം പ്രതിനിധീകരിച്ച അമേഠി മണ്ഡലത്തിൽ കോൺഗ്രസ് സംസ്ഥാന നേതാവ് കെഎൽ ശർമയെയാണ് മത്സരിപ്പിക്കുന്നത്. സോണിയ ഗാന്ധിയുടെ വിശ്വസ്തനായ ശര്‍മ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെയും നോമിനിയായാണ് വന്നിരിക്കുന്നത്. നേരത്തെ അമേഠിയില്‍ താന്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് പരസ്യമായ പറഞ്ഞു കൊണ്ട് റോബര്‍ട്ട് വദ്ര മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നത് കോണ്‍ഗ്രസിലും പുറത്തും വലിയ വിവാദ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.

thepoliticaleditor

അമേഠിയേക്കാള്‍ സുരക്ഷിതം റായ്ബറേലിയാണ് എന്ന വിലയിരുത്തലാണ് രാഹുല്‍ റായ്ബറേലി തിരഞ്ഞെടുക്കാന്‍ ഒരു കാരണം. മറ്റൊന്ന്, ഇവിടെ സിറ്റിങ് എം.പി. കോണ്‍ഗ്രസിന്റെത് തന്നെയാണ് എന്നതാണ്. ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് സോണിയ ഗാന്ധി കഴിഞ്ഞ തവണ ജയിച്ചിടത്ത് ആ വിജയത്തിന്റെ തുടര്‍ച്ച രാഹുലിലൂടെ സാധിക്കും എന്ന വിലയിരുത്തലുണ്ട്. എന്നാല്‍ അമേഠിയിലാണെങ്കില്‍ ഇത് സംശയമാണ്. കാരണം അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് സ്മൃതി ഇറാനി ജയിച്ച അമേഠി നിലിവില്‍ ബിജെപിയുടെ മണ്ഡലമായാണ് അറിയപ്പെടുന്നത്. അത് നിലനിര്‍ത്താന്‍ ബിജെപി ഉറപ്പായും സര്‍വ്വ തന്ത്രങ്ങളും പയറ്റും. അവിടെ രാഹുല്‍ സ്ഥാനാര്‍ഥിയായാല്‍ അതൊരു ഭാഗ്യ പരീക്ഷണം മാത്രമായിരിക്കും.

റായ്ബറേലിയിലെ നാല് നിയമസഭാ മണ്ഡലങ്ങളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുള്ളത് സമാജ് വാദി പാര്‍ടിയാണ്. എസ്.പിയുമായി കോണ്‍ഗ്രസും രാഹുലും നല്ല ബന്ധത്തിലാണെന്നതിനാല്‍ ഇത്തവണ എസ്.പി.വോട്ടുകള്‍ പൂര്‍ണമായും കോണ്‍ഗ്രസിന് ലഭിക്കുമെന്നുറപ്പാണ്.

വയനാടിന് പുറമെയാണ് രാഹുൽ റായ്ബറേലിയും ജനവിധി തേടുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഇന്നായിരുന്നു . വലിയ റാലിയോടെയാകും രാഹുലിൻ്റെ പത്രികാ സമർപ്പണം. സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാഹുലിനെ അനുഗമിക്കും.

2004 മുതൽ സോണിയ ഗാന്ധി വിജയിച്ചു വരുന്ന മണ്ഡലം കൂടിയാണ് റായ്ബറേലി. പാർട്ടി ശക്തികേന്ദ്രമായ റായ്ബറേലിയിൽ രാഹുലോ പ്രിയങ്കയോ മത്സരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ യഥാക്രമം രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയേയും മത്സരിപ്പിക്കാൻ കോൺഗ്രസിൻ്റെ ഉത്തർപ്രദേശ് ഘടകത്തിൽ നിന്നും മുറവിളി ഉയർന്നിരുന്നു. രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നതോടെ സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തിനായി കൂടുതൽ കാത്തിരിക്കേണ്ടി വരും.
പാര്‍ലമെന്ററി രംഗത്തേക്ക് വരുന്നത് വീണ്ടും അനിശ്ചിതത്വത്തിലായി. മാത്രമല്ല, യു.പി.യുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സഹോദരന്റെ മല്‍സരത്തിന്റെ ചുമതല സഹോദരി വഹിക്കുന്ന സാഹചര്യവും ഉണ്ടാകും. പ്രിയങ്ക ഗാന്ധി സോണിയയുടെ പിന്‍ഗാമിയായി റായ്ബറേലിയില്‍ വരുമെന്ന നിലയിലായിരുന്നു കോണ്‍ഗ്രസിനകത്തു തന്നെ അവസാന നിമിഷം വരെയും ചര്‍ച്ചകള്‍.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick