വിഷു ദിവസം മുതല്‍ വടകര ലോക്‌സഭാ നിയോജകമണ്ഡലത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്ന അശ്ലീല വീഡിയോ വിവാദം അതിന് ഇരയായ സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്ക്ക് സമ്മാനിക്കുക നേട്ടമോ- ഈ ചോദ്യമാണ് തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ശൈലജട്ടീച്ചറെ അറിയാവുന്ന എല്ലാവരും ചോദിക്കുന്നത്.
ഏപ്രില്‍ പതിനഞ്ചാം തീയതിയാണ് ശൈലജ മാധ്യമങ്ങളോട് താന്‍ നേരിടുന്ന സൈബര്‍ അപമാനത്തെക്കുറിച്ച് പരസ്യമായി പറയുകയും യു.ഡി.എഫ്. കേന്ദ്രങ്ങള്‍ക്കെതിരെയും സ്ഥാനാര്‍ഥിക്കെതിരെയും ആരോപണം ഉന്നയിക്കുകയും ചെയ്യുന്നത്. സൈബർ ആക്രമണത്തിൽ യുഡിഎഫ് എതിരാളി ഷാഫി പറമ്പിലിനെതിരെ ശൈലജ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയും നൽകി.
മോർഫ് ചെയ്‌ത ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്‌ത സംഭാഷണങ്ങളും ഉപയോഗിച്ചുള്ള സൈബർ ആക്രമണം വനിതാ നേതാവിനെ അസ്വസ്ഥയാക്കിയിരുന്നു. കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ പേരിൽ “ബോംബമ്മ” എന്ന് വിശേഷിപ്പിച്ചതായ വ്യാജ സന്ദേശം യു ഡി എഫ് പ്രവർത്തകർ പ്രചരിപ്പിച്ചതായി പരാതിയിൽ പറഞ്ഞിരുന്നു. മാതൃഭൂമി ഓൺലൈനിൻ്റെ പേരിലുള്ള മറ്റൊരു വ്യാജ സന്ദേശത്തിലാണ് ലൗ ജിഹാദിനെക്കുറിച്ച് കമൻ്റ് വന്നത്. പരാതിക്കാരിയോ മാതൃഭൂമി ഓൺലൈനോ ഒരിക്കലും ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും വോട്ടർമാർക്കിടയിൽ ഭിന്നിപ്പും തെറ്റിദ്ധാരണയും സൃഷ്‌ടിക്കാൻ വ്യാജ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി മുസ്ലിം വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നും ഒരു ചാനൽ അഭിമുഖത്തിലെ ചില ഭാഗങ്ങൾ എടുത്ത് പ്രചരിപ്പിച്ചെന്നും പരാതിയിൽ ഉണ്ടായിരുന്നു.
‘എൻ്റെ വടകര കെഎൽ 18’ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജാണ് ശൈലജയെ അപകീർത്തിപ്പെടുത്താൻ വ്യാജ പ്രചാരണം നടത്തിയത്. ട്രോള് റിപ്പോർട്ടർ ടിആർ എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പ് മുഖ്യമന്ത്രിയുടെയും ശൈലജയുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലചിത്രമാക്കി പ്രസിദ്ധീകരിച്ചു . ഈ വ്യാജ പോസ്റ്ററുകളിലും വീഡിയോകളിലും ശൈലജയെ പിശാചെന്നും മറ്റ് അശ്ലീലച്ചുവയുള്ള പേരുകളും വിളിച്ചിരുന്നു. ‘അഭിസാരിക’ (വേശ്യ), ‘പൂതന’ എന്നീ പേരുകളിൽ വ്യാജ വീഡിയോകളും ഫോട്ടോകളും പ്രചരിക്കുന്നുണ്ടെന്നും ശൈലജ ആരോപിച്ചു.
എന്നാല്‍ വേണ്ടത്ര കരുതലില്ലാതെ ഉന്നയിച്ച ആരോപണത്തിലെ ചെറിയ വസ്തുതക്കുറവ് മൊത്തം പരാതിയെത്തന്നെ തിരഞ്ഞു കുത്തുന്ന അവസ്ഥയാണ് പിന്നീട് വടകര കണ്ടത്. ഷാഫി പറമ്പില്‍ നേതൃത്വം നല്‍കുന്ന ടീം തന്നെക്കുറിച്ച് അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്നതില്‍ തൂങ്ങിയാണ് പിന്നീട് സംഭവങ്ങള്‍ മാറി മറിഞ്ഞത്. ഇത്തരം ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നില്ല. ഷാഫി ഇതിനെതിരെ പ്രതികരണവുമായി രംഗത്തു വന്നതോടെ ശൈലജട്ടീച്ചര്‍ പ്രതിരോധത്തിലാവുകയായിരുന്നു. തുടര്‍ന്ന് അവര്‍ക്ക് അങ്ങനെയുള്ള വീഡിയോ ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല, മോര്‍ഫ് ചെയ്ത ഫോട്ടോകളും സന്ദേശങ്ങളും സംഭാഷണങ്ങളും എന്നാണ് പറഞ്ഞത് എന്ന് ശൈലജ വിശദീകരിച്ചെങ്കിലും നേരത്തെ പറഞ്ഞതില്‍ നിന്നുള്ള തിരുത്തായിരുന്നു അത്.
ശൈലജയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണ ആരോപണങ്ങളെല്ലാം വെറും കള്ളമാണെന്ന് വരുത്തിത്തീര്‍ക്കാനും ശൈലജ ഇരയുടെ സഹതാപവോട്ടുകള്‍ക്കായി ആരോപണം ഉന്നയിച്ചതാണെന്ന് തിരിച്ച് പ്രചാരണം നടത്താനും യു.ഡി.എഫിന് സാധിച്ചു എന്നത് ഷാഫിയുടെ സാധ്യത വര്‍ധിപ്പിക്കാനാണ് ഉപകരിച്ചത്.
ഒരു പക്ഷേ ഇവിടെ അവസാനിക്കുമായിരുന്ന വിവാദത്തിന് കഴിഞ്ഞ ദിവസം വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ജീവന്‍ വെപ്പിച്ചത് അനാവശ്യമായ കമന്റുകളിലൂടെയായിരുന്നു. വീഡിയോ ഇല്ല എന്ന ശൈലജയുടെ വിശദീകരണത്തെ നിഷേധിച്ച് വീഡിയോ ഉണ്ട് എന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ട് ഒരു മാധ്യമ അഭിമുഖത്തില്‍, ‘ശൈലജ ഇല്ലെന്നു പറഞ്ഞാലും വീഡിയോ ഉണ്ടെന്ന’ വിചിത്ര വാദം ഉയര്‍ത്തിയതോടെ ശൈലജട്ടീച്ചര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുകയാണുണ്ടായത്. മാത്രമല്ല, വീഡിയോ ആരോപണം കരുതിക്കൂട്ടി സിപിഎം ഉണ്ടാക്കിയെടുത്തതാണെന്നതിന് ഗോവിന്ദന്‍മാസ്റ്ററുടെ പ്രതികരണം കൂടുതല്‍ ശക്തി പകരുകയും ചെയ്തു.
കാര്‍ക്കശ്യ നിലപാടിനു വേണ്ടി അനാവശ്യമായ കടുംപിടുത്തങ്ങള്‍ക്ക് പേരു കേട്ട നേതാവാണ് എം.വി.ഗോവിന്ദന്‍. എന്നാല്‍ വ്യാജ വീഡിയോ ഉണ്ടെന്ന വാദം ഉയര്‍ത്തി ഗോവിന്ദന്‍ നേടിയത് ശൈലജട്ടീച്ചര്‍ക്ക് ലഭിക്കാവുന്ന വോട്ടുകളില്‍ വീണ്ടും ചോര്‍ച്ച മാത്രമാണ് എന്നാണ് വടകരയിലെ ഇടതനുഭാവികള്‍ പോലും പറയുന്നത്. അവധാനതയോടെ പ്രതികരിക്കുന്നതിനു പകരം സ്വന്തം നിലപാട് അടിച്ചേല്‍പ്പിച്ച ഗോവിന്ദന്‍ മാസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ കനത്ത പരിഹാസത്തിനും പാത്രമായിത്തീരുകയും ചെയ്തിരിക്കുന്നു.