ഇ.കെ.വിഭാഗം സമസ്ത ജം ഇയ്യത്തുല്‍ ഉലമയിലെ പണ്ഡിതന്‍മാര്‍ തമ്മില്‍ മുസ്ലീംലീഗുമായുള്ള ബന്ധത്തെച്ചൊല്ലി ശക്തമായ ചേരിതിരിവ് തിരഞ്ഞെടുപ്പിനു മുന്‍പുള്ള ദിവസങ്ങളില്‍ അതിരൂക്ഷമായി. മുസ്ലീംലീഗിനെ അനുകൂലിക്കുന്ന സമസ്ത ഭാരവാഹികള്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പ്രസ്താവനയും വാര്‍ത്താ സമ്മേളനവും അവസാന നിമിഷം റദ്ദാക്കിയതോടെ ചേരിതിരിവ് വോട്ടുബാങ്കിനെ ബാധിക്കുമെന്നുറപ്പായിരിക്കുന്നു. ഉമര്‍ഫൈസി മുക്കം ഒരു ഭാഗത്തും നാസര്‍ ഫൈസി കൂടത്തായി ഉള്‍പ്പെടെ മറുവശത്തും പ്രതികരണവുമായി വന്നതോടെയാണ് സമസ്തയിലെ ചേരി തിരിവ് പരസ്യമായത്. നാസര്‍ ഫൈസി ലീഗിനെ അനുകൂലിക്കുന്നയാളാണ്. എന്നാല്‍ ലീഗിനെ പരസ്യമായി വിമര്‍ശിച്ചുകൊണ്ടാണ് നേരത്തെ ഉമര്‍ഫൈസി രംഗത്തു വന്നത്.
കുഞ്ഞാലിക്കുട്ടിയുടെ ഉറ്റ അനുയായിയായ ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം സമസ്തയുടെ സര്‍ക്കാര്‍ അനുകൂല മനോഭാവത്തെ വിമര്‍ശിച്ചുകൊണ്ട് അധിക്ഷേപസ്വരത്തില്‍ സംസാരിച്ചതോടെയാണ് ഉമര്‍ഫൈസി ലീഗിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. അത് പിന്നീട് പല നിലയില്‍ തുടര്‍ന്നു. സമസ്തയുടെ ഉന്നതശിരസ്സായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ കക്ഷിയുമായും ബന്ധമോ വെറുപ്പോ ഇല്ലെന്ന പ്രസ്താവനയുമായി വന്നത് മുസ്ലീംലീഗിന് ഫലത്തില്‍ നഷ്ടമാണുണ്ടാക്കിയത്. അതേസമയം സമസ്തയെ സ്വാധീനിച്ച് ഇത്തവണ ഇടതുവോട്ടുകളാക്കി മാറ്റാന്‍ നീക്കം നടത്തിയ ഇടതുപക്ഷത്തിന് മുത്തുക്കോയ തങ്ങളുടെ പ്രസ്താവന തങ്ങള്‍ക്കനുകൂലമെന്നാണ് വ്യഖ്യാനിക്കാനായത്.
സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ ദിവസങ്ങളായി ഇടതുപക്ഷത്തിന്റെ പോസ്‌ററര്‍ പരസ്യങ്ങള്‍ ഒന്നാം പേജില്‍ തന്നെ പ്രത്യക്ഷപ്പെടുകയാണ്. പൗരത്വനിയമ ഭേദഗതിക്കാര്യത്തിലുള്‍പ്പെടെ ലീഗ് നിലപാടും കോണ്‍ഗ്രസ് നിലപാടും ചോദ്യം ചെയ്യുന്ന പരസ്യം സുപ്രഭാതത്തില്‍ വരുന്നതിനെതിരെ മലപ്പുറത്തെ മുസ്ലീംലീഗില്‍ പുകയുന്നത് ചില്ലറ അമര്‍ഷമല്ല. അതിന്റെ പ്രതിഫലനമാണ് ഏതാനും ദിവസം മുമ്പ് സുപ്രഭാതത്തിന്റെ കോപ്പി ലീഗ് പ്രാദേശിക നേതാവ് പരസ്യമായി കത്തിച്ചു പ്രതിഷേധിച്ചതില്‍ തെളിഞ്ഞത്. എന്നാല്‍ ഇതിനെതിരെ സമസ്തയില്‍ ഉയര്‍ന്ന രോഷം കുഞ്ഞാലിക്കുട്ടി ഇടപെട്ട് ഒതുക്കിയെങ്കിലും സുപ്രഭാതത്തില്‍ പരസ്യം വീണ്ടും പ്രത്യക്ഷപ്പെട്ടത് ലീഗിന് സഹിക്കാവുന്നതല്ല. പക്ഷേ പ്രതികരിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി നിര്‍ബന്ധപൂര്‍വ്വം, അണികളെ താക്കിത് ചെയ്തിരിക്കയാണ്.
മലപ്പുറം, പൊന്നാനി എന്നീ ലീഗ് മണ്ഡലങ്ങളില്‍ മലപ്പുറത്തെ പോരാട്ടം പ്രവചനത്തിന് ഏകദേശം വഴങ്ങുന്നതാണ്. അവിടെ ലീഗ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീര്‍ ജയിക്കുന്നതിനേ സാധ്യതയുള്ളൂ. എന്നാല്‍ പൊന്നാനിയില്‍ മല്‍സരം ലീഗ് സ്ഥാനാര്‍ഥിയും മുന്‍ ലീഗ് നേതാവും തമ്മിലാണ്. മുന്‍ ലീഗ് നേതാവ് ഹംസ ഇപ്പോള്‍ സിപിഎമ്മിന്റെ ചിഹ്നത്തില്‍ തന്നെ മല്‍സരിക്കുന്ന ആളാണ്. ഇവിടെ സമസ്ത വോട്ടുകള്‍ നിര്‍ണായകമായി വിധിയെ സ്വാധീനിക്കുമെന്ന് ലീഗ് കരുതുന്നു. എന്നാല്‍ മലപ്പുറത്തിന്റെ മണ്ണില്‍ സമസ്ത മുസ്ലീംലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ തുനിയുമെന്ന് അണികളില്‍ ആരും കരുതുന്നില്ല.

മുസ്ലീംലീഗിന്റെ തനതു സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന ഇടങ്ങളില്‍ ലീഗിനെ വിജയിപ്പിക്കാനും അതല്ലാത്ത മറ്റു ജില്ലകളിലെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കാതെ ഇടതുപക്ഷത്തിന് മനസ്സാക്ഷിക്കനുസരിച്ച് വോട്ടു നല്‍കാനുള്ള നീക്കമാണ് സമസ്ത ഇ.കെ.വിഭാഗത്തിലെ ഒരു പക്ഷം നീങ്ങുന്നത് എന്നാണ് രഹസ്യമായി പ്രചരിക്കുന്ന ഒരു കാര്യം.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ ഒന്നു പോലും ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ കയ്യിലുള്ളതല്ല. മലബാറില്‍ സമസ്തയുടെ മേല്‍പ്പറഞ്ഞ മനസ്സാക്ഷി വോട്ട് ഇടതിനു ലഭിക്കുകയാണെങ്കില്‍ ഇതില്‍ നാല് മണ്ഡലങ്ങളില്‍ അത് ഇടതുവിജയത്തിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമസ്തയെ സ്വാധീനിക്കുന്നതിലൂടെ ഇടതുമുന്നണി ലക്ഷ്യമിടുന്നതും മലബാറിലെ അനായാസ വിജയം ആണ്.