ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഹിന്ദി പത്ര-മാധ്യമമായ ദൈനിക് ഭാസ്‌കര്‍ പ്രസിദ്ധീകരിച്ചതെന്ന നിലയില്‍ വൈറലായി പ്രചരിക്കപ്പെട്ട “നീൽസൻ-ദൈനിക് ഭാസ്‌കർ” തിരഞ്ഞെടുപ്പു പ്രവചനം സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തി. ഉത്തരേന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ ഇന്ത്യ മുന്നണി മുന്നിലെത്തുമെന്നും ലോക്‌സഭയില്‍ 325 സീറ്റ് നേടുമെന്നുമുളള റിപ്പോര്‍ട്ടാണ് വൈറലായത്.
ദൈനിക് ഭാസ്‌കറിൻ്റെ ഏപ്രിൽ 13-ലെ പതിപ്പിൽ നിന്നുള്ള “സ്‌ക്രീൻഷോട്ട്” ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത് . 10 സംസ്ഥാനങ്ങളിൽ ഇന്ത്യ മുന്നണി മുന്നിലെത്തുമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ബിജെപി നേതൃത്വം നൽകുന്ന മുന്നണി ഒലിച്ചു പോകുമെന്നും പ്രീ പോൾ സർവേ പ്രവചിച്ചതായി വൈറലായ സ്‌ക്രീൻഷോട്ടിലെ പത്രത്തിന്റെ മുൻ പേജിൽ അവകാശപ്പെട്ടിരുന്നു. ഈ 10 സംസ്ഥാനങ്ങളിൽ മാത്രം 200 സീറ്റ് കടക്കും. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ പോലും ബിജെപിക്ക് വോട്ട് കിട്ടാൻ മോദിയുടെ പ്രതിച്ഛായ പോര. ബിജെപി-ക്ക് 180 സീറ്റ് മാത്രമേ സാധ്യതയുള്ളൂ — ഇങ്ങനെയായിരുന്നു വാർത്തയിലെ ഉള്ളടക്കം.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് ഏതാനും സമയത്തിനകം 80,000 പേരാണ് ഈ വാര്‍ത്ത വായിച്ചത്.
വാര്‍ത്ത സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ കടുത്ത പരിഭ്രാന്തിയാണ് ഉണ്ടാക്കിയത്. ഇതേത്തുടര്‍ന്ന് ദൈനിക് ഭാസ്‌കര്‍ അധികാരികള്‍ തങ്ങളുടെ പത്രം ഇത്തരത്തിലൊരു സര്‍വ്വേ ഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വൈറലായ പേജ് വ്യാജമാണെന്നും അറിയിച്ച് രംഗത്തു വന്നു.
കൊവിഡ് കാലത്ത് ഗംഗാ നദിയില്‍ ശവശരീരങ്ങള്‍ ഒഴുകി നടന്നതിന്റെ നേരിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും വീഡിയോകള്‍ പുറത്തുവിടുകയും ചെയ്ത പത്രമായിരുന്നു ദൈനിക് ഭാസ്‌കര്‍. ലോകം ഈ ദാരുണ സംഭവം അറിയുന്നത് അങ്ങനെയാണ്. ഇതില്‍ കലി പൂണ്ട കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ അയച്ച് ദൈനിക് ഭാസ്‌കറിന്റെയും അനുബന്ധ പത്രങ്ങളുടെയും രാജ്യത്താകമാനമുള്ള ഓഫീസുകള്‍ ഒരേ സമയത്ത് റെയ്ഡ് നടത്തുകയും ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.