സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും കേരളത്തിലെ ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി.ജയരാജന്‍ ബിജെപിയിലേക്കു പോകാന്‍ ചര്‍ച്ച നടത്തിയിരുന്നു എന്ന വിവരം വെളിപ്പെടുത്തിയ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്. ബിജെപിയില്‍ ചേരാനുളള നിശ്ചയവുമായി ഡെല്‍ഹിയിലെ ഹോട്ടലില്‍ ജയരാജന്‍ എത്തി ശോഭയുമായി സംസാരിച്ചിരുന്നുവെന്നും അത് ബിജെപി പ്രവേശനത്തിനായി നിശ്ചയിച്ചിരുന്ന ദിവസത്തിന്റെ പിറ്റേന്ന് ആയിരുന്നുവെന്നും മനോരമ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ശോഭ പറഞ്ഞു.
ഹോട്ടലില്‍ രാജ്യത്തെ ഏറ്റവും ഉന്നതനായ ഒരു ബിജെപി നേതാവിനെ കാണുന്നതിനു തൊട്ടു മുന്‍പെ ജയരാജന് വന്ന ഒരു ഫോണ്‍ കോള്‍ ആണ് എല്ലാം മാറ്റി മറിച്ചതെന്നും ശോഭ പറയുന്നു.
‘”ഹോട്ടല്‍ മുറിയില്‍ വെച്ച് ഞങ്ങള്‍ അഞ്ചാറു മിനിട്ട് സംസാരിച്ചു കാണും. അപ്പോള്‍ ഒരു ഫോണ്‍ വന്നു. അതോടെ അദ്ദേഹം ടെന്‍ഷനിലായി. മുഖഭാവവും ശരീര ഭാഷയും മാറി. പിറ്റേന്ന് ബിജെപിയില്‍ ചേരാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തിയിരിക്കെ, അദ്ദേഹം പെട്ടെന്ന് പിന്മാറി. നമുക്ക് ഒന്ന് നീട്ടി വെക്കേണ്ടിവരും എന്നാണ് എന്നോട് പറഞ്ഞത്. അദ്ദേഹത്തെ ആരാണ് വിളിച്ചതെന്ന് എനിക്കറിയില്ല”- ശോഭ പത്രത്തോട് വെളിപ്പെടുത്തി.
എന്നാല്‍ താന്‍ ബിജെപി പ്രവേശനത്തിന് ശ്രമിച്ചിട്ടില്ലെന്നും ആരെയും അങ്ങോട്ട് പോയി കണ്ടിട്ടില്ലെന്നും ഡെല്‍ഹിയില്‍ പോയിട്ടില്ലെന്നുമാണ് ഇ.പി.ജയരാജന്‍ സംഭവത്തെ നിഷേധിച്ച് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്.
ഡെല്‍ഹി ദൗത്യം നടക്കാതിരുന്നിട്ടും പിന്നീട് തൃശ്ശൂര്‍ രാമനിലയത്തില്‍ വെച്ച് വീണ്ടും താന്‍ ജയരാജനെ കണ്ടിരുന്നെന്നും അത് നന്ദകുമാര്‍ വിളിച്ചിട്ട് പോയതാണെന്നും ശോഭ മനോരമ ലേഖകനോട് പറയുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിച്ച ജാഥ തൃശ്ശൂരിലെത്തിയ ദിവസമായിരുന്നുവത്രേ ഈ കൂടിക്കാഴ്ച. അന്ന് കണ്ടപ്പോള്‍ താന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തെക്കുറിച്ച് ഇ.പി. വിശദീകരിച്ചതായി ശോഭ പറയുന്നു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന കാര്യവും അറിയിച്ചുവത്രേ. തല്‍ക്കാലം മാറ്റി വെക്കേണ്ടി വരുമെന്നും വിവരം പിന്നീട് അറിയിക്കാമെന്നും പറഞ്ഞതായും ശോഭ പറഞ്ഞു.
പിന്നീടൊരിക്കല്‍ കൊച്ചിയില്‍ ഉള്ളപ്പോള്‍ ഒരു ഹോട്ടലിന്റെ പേര് പറഞ്ഞ് അവിടെ വരണമെന്ന് ജയരാജന്റെ നിര്‍ദ്ദേശമുണ്ടെന്ന് അറയിച്ച് ഫോണ്‍ കോള്‍ വന്നു. അവിടെ വെച്ചാണ് ജയരാജന്റെ മകനെ കാണുന്നത്. ജയരാജന്‍ പറഞ്ഞതു പോലെ യാദൃച്ഛികമായി കണ്ടുമുട്ടിയതല്ലെന്നും ശോഭ പറയുന്നു.
ജയരാജനെ കുടൂതല്‍ കുരുക്കിലേക്ക് നയിക്കുന്ന വിശദീകരണമാണ് ശോഭ സുരേന്ദ്രന്‍ പുതിയതായി നല്‍കിയിരിക്കുന്നത്. സ്വന്തം പാര്‍ടിയില്‍ ജയരാജന് സ്വന്തം നിലപാടുകള്‍ ഇനി എത്ര വിശ്വാസ്യയോഗ്യമായി സമര്‍ഥിക്കാന്‍ സാധിക്കും എന്നതാണ് ഇനിയത്തെ സമസ്യ.