തന്റെ മകളെ സ്ത്രീധന പീഢനത്തിന്റെ പേരില്‍ കൊല്ലാന്‍ ഭാര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചതായും പരാതിയുമായി സമീപിച്ച കോഴിക്കോട്ടെ പന്തീരാങ്കാവ് പൊലീസ് ക്രൂരമായാണ് തങ്ങളോട് പെരുമാറിയതെന്നും പന്തീരാങ്കാവ് സ്ത്രീധനപീഢന പരാതിയില്‍ പരാതിക്കാരിയായ യുവതിയുടെ മാതാവ് പറഞ്ഞു. പ്രമുഖ ദൃശ്യമാധ്യമ മുഖാമുഖത്തിലാണ് അമ്മ ഇങ്ങനെ പറഞ്ഞത്.
‘കഴുത്തില്‍ കേബിള്‍ കുരുക്കിട്ട് മകളെ കൊല്ലാന്‍ ശ്രമിക്കുകയും ദേഹമാസകലം ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഞങ്ങള്‍ ചെന്നില്ലായിരുന്നെങ്കില്‍ മകള്‍ മരിച്ചുപോയേനെ. മകള്‍ കരയുന്നത് കേട്ടിട്ടും വീട്ടിലുള്ളവര്‍ ആരും തിരിഞ്ഞു നോക്കിയതു പോലുമില്ല. പരാതിയുമായി പന്തീരാങ്കാവ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ വളരെ മോശം പ്രതികരണമാണ് പൊലീസില്‍ നിന്നും ഉണ്ടായത്. പ്രതിയോടാണ് അവര്‍ സൗഹാര്‍ദ്ദത്തോടെ പെരുമാറിയത്. ഭര്‍ത്താവായാല്‍ ഭാര്യയെ മര്‍ദ്ദിച്ചെന്നിരിക്കും എന്നും ആദ്യത്തെ സംഭവമായതിനാലാണ് ഇങ്ങനെ തോന്നുന്നത് എന്നായിരുന്നു പൊലീസിന്റെ പ്രതികരണം. പ്രതിയായ രാഹുലിനോടാണ് പൊലീസ് സൗഹാര്‍ദ്ദപൂര്‍വ്വം പെരുമാറിയത്. പ്രശ്‌നം പറഞ്ഞു തീര്‍ത്ത് മകളെ രാഹുലിനൊപ്പം പറഞ്ഞുവിടാന്‍ പൊലീസ് നിര്‍ബന്ധിക്കുകയാണ് ചെയ്തത്. പരിക്കേറ്റ മകളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും സഹായം ചെയ്തില്ല. രക്ഷിതാക്കളോട് ആശുപത്രിയില്‍ പോകാന്‍ പറയുകയായിരുന്നു. രാഹുല്‍ അടുത്തയാഴ്ച ജര്‍മനിയിലേക്ക് പോകാന്‍ പോകുകയാണ്. അതിന് അദ്ദേഹത്തിന് സൗകര്യം ചെയ്തു കൊടുക്കുകയാണ് പൊലീസ്. ഗുരുതരമായ വകുപ്പുകള്‍ പോലും ചുമത്താതെയാണ് കേസ് എടുത്തത്. പ്രതിയെ വേഗത്തില്‍ സ്റ്റേഷനില്‍ നിന്നും പോകാന്‍ അനുവദിക്കുകയും ചെയ്തു.’- മാതാവ് 24 ന്യൂസ് ചാനലില്‍ പ്രതികരിച്ചു.