ഒരിടവേളയ്ക്കു ശേഷം തിരുവനന്തപുരം ജില്ലയില്‍ വീണ്ടും ഗുണ്ടാ ആക്രമണം. 2021-22 വര്‍ഷങ്ങളില്‍ ജില്ലയെയും തലസ്ഥാന നഗരിയെയും നടുക്കിയ പല ഗുണ്ടാ വിളയാട്ടങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും ശേഷം വീണ്ടും ജനത്തിന് ഭീതിയുണര്‍ത്തി ഗുണ്ടകള്‍ അഴിഞ്ഞാടുന്ന സംഭവങ്ങള്‍ തുടങ്ങി. ഇത്തവണ വെള്ളറട അമ്പൂരിയിലും സമീപ പ്രദേശങ്ങളിലുമാണ് ഗുണ്ടകള്‍ ആയുധങ്ങളുമായി അഴിഞ്ഞാടിയത്.
വെള്ളറട അമ്പൂരിയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ലഹരിസംഘം കൺസ്യൂമർഫെഡ് മദ്യഷോപ്പ് ജീവനക്കാരിയെ നടുറോഡിൽ മർദ്ദിച്ചു. രക്ഷിക്കാനെത്തിയ ഭർത്താവിനെയും മറ്റൊരു ജീവനക്കാരനെയും മർദ്ദിച്ചു. വഴിയിൽകൂടി കടന്നുപോയ മറ്റുള്ളവർക്കുനേരെയും ആക്രമണമുണ്ടായി. ഒരു പാസ്റ്ററെയും സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു.അമ്പൂരിയിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മൂന്ന് ബൈക്കുകളിലായെത്തിയ നാലംഘ സംഘമാണ് ആക്രമണം നടത്തിയത്.

അമ്പൂരിക്ക് സമീപം കണ്ണല്ലൂരിൽ വാഹനങ്ങൾ തടഞ്ഞുനിർത്തിയാണ് ആദ്യം അക്രമമുണ്ടാക്കിയത്. ശേഷം സഞ്ചരിച്ച വഴികളിലെല്ലാം വാളും വെട്ടുകത്തിയുമൊക്കെ ഉപയോഗിച്ച് ആളുകളെ അകാരണമായി ആക്രമിച്ചു. ഇതിനിടെ ഒരു പാസ്റ്ററെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനുശേഷമാണ് കൺസ്യൂമർഫെഡ് ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ചത്. വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഇവർ ഓടി രക്ഷപ്പെട്ടു.