സ്വത്തുക്കൾ ഗണ്യമായ മൂല്യമുള്ളതോ ആഡംബരപൂർണ്ണമായ ജീവിതശൈലി പ്രതിഫലിപ്പിക്കുന്നതോ അല്ലാത്തപക്ഷം, തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ അവരുടെയോ കുടുംബാംഗങ്ങളുടെയോ ഉടമസ്ഥതയിലുള്ള എല്ലാ ജംഗമ സ്വത്തുക്കളും നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച പറഞ്ഞു .
ജസ്റ്റിസുമാരായ അനിരുദ്ധ ബോസും സഞ്ജയ് കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. അരുണാചൽ പ്രദേശിലെ തേസു അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര നിയമസഭാംഗമായ കാരിഖോ ക്രിയുടെ 2019 ലെ തിരഞ്ഞെടുപ്പ് ശരിവച്ചുകൊണ്ടായിരുന്നു വിധി.
നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ഭാര്യയുടെയും മകൻ്റെയും സ്വത്തുക്കളുടെ മുഴുവൻ പട്ടികയും വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിന് ക്രിയുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ച ഗുവാഹത്തി ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി.
സ്വത്തുക്കൾ ഗണ്യമായ മൂല്യമുള്ളതോ ആഡംബരപൂർണ്ണമായ ജീവിതശൈലി പ്രതിഫലിപ്പിക്കുന്നതോ അല്ലാത്തപക്ഷം, തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ അവരുടെയോ കുടുംബാംഗങ്ങളുടെയോ ഉടമസ്ഥതയിലുള്ള എല്ലാ ജംഗമ സ്വത്തുക്കളും നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി
ക്രി തൻ്റെ ഭാര്യയുടെയും മകൻ്റെയും ഉടമസ്ഥതയിലുള്ള മൂന്ന് വാഹനങ്ങൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി നുനെ തയാങ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
എന്നിരുന്നാലും, 1951ലെ ജനപ്രാതിനിധ്യ നിയമത്തിൻ്റെ 123-ാം വകുപ്പ് പ്രകാരം ഈ സ്വത്തുക്കൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നത് അഴിമതിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച പറഞ്ഞു. വോട്ടർമാർക്ക് അത്തരം വിവരങ്ങൾക്ക് സമ്പൂർണ്ണ അവകാശമില്ലെന്നും അവരുടെ ജീവിതത്തിൻ്റെ എല്ലാ വിശദാംശങ്ങളും പൊതു പരിശോധനയ്ക്ക് വിധേയമാക്കാൻ സ്ഥാനാർത്ഥി ബാധ്യസ്ഥരല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
എന്നാൽ, തങ്ങളുടെ ജീവിതശൈലി സംബന്ധിച്ച് വോട്ടർമാരെ അറിയിക്കാൻ സ്ഥാനാർത്ഥികൾ അവരുടെ “ഉയർന്ന മൂല്യമുള്ള സ്വത്ത്” വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒരു സ്ഥാനാർത്ഥിയുടെ സ്വത്ത് വെളിപ്പെടുത്തുന്നത് സംബന്ധിച്ച് ഒരു ചട്ടവും ഇല്ലെന്നും ഓരോ കേസും അതിൻ്റെ മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ കാണേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.