ഇടുക്കി രൂപതയിലെ പത്തുമുതൽ പ്ളസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായാണ് സിനിമാപ്രദർശനം നടത്തിയത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്‌കരണത്തിന്റെ ഭാഗമായാണ് സിനിമ പ്രവർശിപ്പിച്ചതെന്നാണ് വിശദീകരണം. കേരളത്തിൽ ഇപ്പോഴും ലവ് ജിഹാദ് നിലനിൽക്കുന്നതിനാലാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചതെന്ന് ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാദർ ജിൻസ് കാരക്കാട്ട് പറഞ്ഞിരുന്നു.
കേരളത്തിൽ ലവ് ജിഹാദ് ഭീകരത ഉണ്ടെന്ന് സമർത്ഥിക്കുന്ന ഹിന്ദി സിനിമ ‘കേരള സ്റ്റോറി’ തലശ്ശേരി രൂപത പ്രദർശിപ്പിക്കില്ല. രൂപതയ്ക്ക് കീഴിൽ പള്ളികളിൽ പ്രദർശിപ്പിക്കാൻ ഓദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്നും കെസിവെെഎമ്മിന്റെതായി വന്ന നിർദേശം രൂപതയുടെതല്ലെന്നും തലശ്ശേരി രൂപത വ്യക്തമാക്കി. ഇന്ന് വെെകിട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളിൽ ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്നായിരുന്നു കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് (കെസിവെെഎം) അറിയിച്ചിരുന്നത്. പിന്നാലെയാണ് സംഭവത്തിൽ തലശേരി രൂപതയുടെ പ്രതികരണം അറിയിച്ചത്. ഇടുക്കി രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു.
ലവ് ജിഹാദ് സംബന്ധിച്ച ബോധവല്‍ക്കരണത്തിനായാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്ന വാദമാണ് ഉയര്‍ത്തപ്പെട്ടത്. എന്നാല്‍ വ്യാജമായ കഥയാണോ ബോധവല്‍ക്കരണത്തിന് ഉപയോഗിക്കുക എന്ന ചോദ്യം ഉയര്‍ന്നു. മാത്രമല്ല, പരസ്പര സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കേണ്ട സഭ മുസ്ലീം വിദ്വേഷത്തിന്റെ പരസ്യസന്ദേശം ആണോ നല്‍കേണ്ടത് എന്ന ചോദ്യവും ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ മുന്‍ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വരെ വലിയ പ്രതിഷേധവുമായി രംഗത്തു വന്നു. “ലവ് സ്റ്റോറി” പ്രചരിപ്പിക്കുന്നതിനു പകരം “ഹേറ്റ് സ്റ്റോറി” പ്രചരിപ്പിക്കരുതെന്ന് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.
പിന്നാലെയാണ് തലശേരി രൂപതയിലും ചിത്രം പ്രദർശിപ്പിക്കുമെന്ന പ്രചരണം നടന്നത്. ‘കേരള സ്റ്റോറി സിനിമ രൂപതയ്ക്ക് കീഴിൽ പള്ളികളിൽ പ്രദർശിപ്പിക്കാൻ ഓദ്യോഗിക തീരുമാനം എടുത്തിട്ടില്ല. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ രൂപത ഉദ്ദേശിക്കുന്നില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കാനില്ല. തിരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ല’– രൂപത അധികാരികളുടെ പ്രസ്താവനയിൽ വ്യക്തമാക്കി.