അശ്ലീല വീഡിയോ വിവാദത്തില്‍ വന്‍ സമ്മര്‍ദ്ദത്തിലായ ജെഡിഎസ് നേതാവും ഹാസന്‍ എം.പി.യും അവിടെത്തന്നെ രണ്ടാമൂഴത്തിനായി മല്‍സരിച്ച സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതോടെയാണ് എച്ച്.ഡി.ദേവ ഗൗഡയുടെ കൊച്ചു മകനും, എച്ച.ഡി. കുമാരസ്വാമിയുടെ മരുമകനുമായ പ്രജ്വലിനെതിരെ നടപടിക്ക് പാര്‍ടി നിര്‍ബന്ധിതനായത്. പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതു വരെയാണ് സസ്‌പെന്‍ഷന്‍. പ്രജ്വല്‍ നാട്ടില്‍ നിന്നും ഒളിച്ചോടിയിരിക്കയാണ്. ജര്‍മ്മനിയിലെ ഫ്രാങ്ക് ഫുര്‍ട്ടിലാണ് ഇപ്പോഴുള്ളത് എന്നാണ് വാര്‍ത്ത.
ഹാസനില്‍ ബിജെപി-ജെഡിഎസ് സഖ്യസ്ഥാനാര്‍ഥിയായ പ്രജ്വല്‍ എവിടെയാണെന്ന് വ്യക്തമല്ല. വിദേശത്തേക്ക് കടന്നുവെന്നാണ് വാര്‍ത്തയുള്ളത്. ഇത് നിഷേധിക്കാന്‍ പാര്‍ടിയോ പ്രജ്വലിന്റെ ബന്ധുക്കളോ തയ്യാറായിട്ടുമില്ല.
പ്രിയങ്ക ഗാന്ധി പ്രജ്വലിന്റെ വീഡിയോ സംബന്ധിച്ച് പ്രധാനമന്ത്രി മോദിയോട് ചില ചോദ്യങ്ങള്‍ കഴിഞ്ഞ ദിവസം ചോദിച്ചുകൊണ്ട് വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടു വന്നതോടെയാണ് ബിജെപി പ്രതികരിക്കാന്‍ നിര്‍ബന്ധിതമായത്.
