സോളാര്‍ വിഷയത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് വളയല്‍ സമരം നടത്തിയ സിപിഎം സ്വയം സമരത്തില്‍ നിന്നും പിന്‍തിരിയുകയായിരുന്നുവെന്ന മനോരമയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. സിപിഎം ജോണ്‍ബ്രിട്ടാസിനെ ഇടനിലക്കാരനാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ധാരണയുണ്ടാക്കിയാണ് സമരം അവസാനിപ്പിച്ചതെന്ന് മലയാള മനോരമയിലെ വിരമിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം ഒരു വാരികയിലെഴുതിയ ലേഖനമാണ് ഇപ്പോള്‍ 11 വര്‍ഷത്തിനുശേഷം രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വിധേയമായിരിക്കുന്നത്. എന്നാല്‍ താന്‍ ആരുമായും ഇടനിലക്കാരനായിട്ടില്ലെന്നും തന്നെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇങ്ങോട്ട് വിളിക്കുകയായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞത് താന്‍ സിപിഎം നേതൃത്വത്തെ അറിയിച്ചുവെന്നേയുള്ളൂ എന്നും ജോണ്‍ ബ്രിട്ടാസ് വിശദീകരിച്ചു.
ജോണ്‍ മുണ്ടക്കയം പറഞ്ഞ കാര്യത്തില്‍ പാതി കാര്യങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് ബ്രിട്ടാസിന്റെ വിശദീകരണം. ആരാണ് ആദ്യം സമരം തീര്‍ക്കാന്‍ മുന്നോട്ടു വന്നത് എന്ന കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ച. ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സമരത്തിനു മുമ്പു തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു എന്ന് അന്നത്തെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സിപിഎം നടത്തിയ വന്‍ സമരമായിരുന്നു 2015-ലെ സോളാര്‍ സമരം. സമരം തുടങ്ങി പെട്ടെന്ന് തന്നെ അവസാനിപ്പിച്ചത് അന്നു തന്നെ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിലെ ദുരൂഹത ഇപ്പോഴും തുടരുന്നുണ്ട്. സിപിഎം നേതാക്കള്‍ പോലും സമരം തീര്‍ന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയായിരുന്നു.
സോളാർ സമരം സിപിഎം നേതാക്കൾ തന്നെ ഇടപെട്ട് ഒത്തുതീർക്കുകയായിരുന്നുവെന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ ആരോപണം ഭാവനയുടെ ഭാഗം മാത്രമെന്ന് ജോൺ ബ്രിട്ടാസ് എംപി വിശദീകരണം നൽകുന്നു. “സമരം നിർത്താനായി തന്നെ ബന്ധപ്പെട്ടത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. ചെറിയാൻ ഫിലിപ്പിന്റെ ഫോണിലായിരുന്നു വിളിച്ചത്. ദയവ് ചെയ്ത് സമരം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ഒത്തുതീർപ്പിന് തയ്യാറെന്ന് തിരുവഞ്ചൂർ അറിയിച്ചു. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കാൻ തന്നോട് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് പല തവണ തിരുവഞ്ചൂർ വിളിച്ചു. ചെറിയാൻ ഫിലിപ്പിന് എല്ലാം അറിയാം. പാർട്ടിയുടെ അറിവോടെ അന്ന് മുഖ്യമന്ത്രിയേയും കണ്ടു”.– ബ്രിട്ടാസ് പറഞ്ഞു. തിരുവഞ്ചൂരിന്റെ സ്ക്രിപ്റ്റാണ് ജോൺ ഇപ്പോൾ പറയുന്നതെന്നും താൻ മാധ്യമ പ്രവർത്തകനായല്ല പങ്കാളിയായതെന്നും ബ്രിട്ടാസ് പറഞ്ഞു.