പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാളിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ സഹായി ബിഭാവ് കുമാർ പോലീസിൽ പരാതി നൽകി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് മലിവാളിനെ മർദ്ദിച്ചതിന് കെജ്‌രിവാളിൻ്റെ പേഴ്‌സണൽ അസിസ്റ്റൻ്റ് ബിഭാവ് കുമാറിനെതിരെ ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഭവവികാസം.
മെയ് 13ന് രാവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയ മലിവാൾ ബലപ്രയോഗത്തിലൂടെയാണ് അവിടെ കടന്നതെന്ന് സ്വാതി മലിവാളിനെതിരായ പരാതിയിൽ ബിഭാവ് കുമാർ പറഞ്ഞു.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഓഫീസ് ജീവനക്കാർക്കെതിരെ മലിവാൾ ആക്രോശിക്കുകയും അവരെ അധിക്ഷേപിക്കുകയും ചെയ്തതായും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ വസതിയുടെ അകത്തേക്ക് പ്രവേശിക്കാൻ മലിവാൾ ശ്രമിച്ചുവെന്നും അതിനെ താൻ ശക്തമായി എതിർത്തുവെന്നും ബിഭാവ് പറഞ്ഞു. ഇതിൽ പ്രകോപിതയായ മലിവാൾ തന്നെ തള്ളിയിട്ടതായും പരാതിയിൽ പറയുന്നു.
മലിവാളിൻ്റെ ആരോപണത്തിന് പിന്നിൽ ഭാരതീയ ജനതാ പാർട്ടി ആണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുടുക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് ഇതെന്നും കൂട്ടിച്ചേർത്തു . അപ്പോയിൻ്റ്മെൻ്റ് ഇല്ലാതെയാണ് സ്വാതി മലിവാൾ മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയതെന്നും കെജ്രിവാളിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും മുതിർന്ന എഎപി നേതാവ് അതിഷി മർലേന ആരോപിച്ചു.