കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അയോധ്യയിലെ രാമക്ഷേത്രം ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുമെന്ന് പ്രധാനമന്ത്രി തിരഞ്ഞെടുപ്പു റാലിയില്‍ മുന്നറിയിപ്പു നല്‍കി. “എസ്പിയും കോൺഗ്രസും അധികാരത്തിൽ വന്നാൽ രാംലല്ല വീണ്ടും കൂടാരത്തിലാകും. അവർ രാമക്ഷേത്രത്തിന്മേൽ ബുൾഡോസർ ഓടിക്കും. അവർ യോഗിജിയിൽ നിന്ന് പഠിക്കണം, എവിടെ ബുൾഡോസർ ഓടണം, എവിടെ ഓടരുത് എന്ന് .”– പ്രധാനമന്ത്രി മോദി ഉത്തർപ്രദേശിലെ ബരാബങ്കിയിൽ നടന്ന റാലിയിൽ പറഞ്ഞു.
രാജ്യത്ത് അസ്ഥിരത വളർത്താനാണ് ഇന്ത്യ സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. തുടർച്ചയായി മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് ബിജെപി ഹാട്രിക് നേടുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനും ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള വിദേശ യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തതായി തന്നെ അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. “കോൺഗ്രസിൻ്റെയും സമാജ്‌വാദി പാർട്ടിയുടെയും സ്വപ്‌നങ്ങൾ തകർന്നു. ഇപ്പോൾ അവർ ജൂൺ 4-ന് ശേഷമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. തോൽവിക്ക് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. അവരുടെ ടിക്കറ്റ് വിദേശത്തേക്കാണ് എന്ന് എന്നെ ആരോ അറിയിച്ചു. അവർ യാത്ര ബുക്ക് ചെയ്തിട്ടുണ്ട്.”– ഫത്തേപൂരിലെ ഒരു റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.