കര്‍ണാടകത്തിലെ ഹാസന്‍ എം.പി.യും നിലവില്‍ സ്ഥാനാര്‍ഥിയും ബിജെപി സഖ്യകക്ഷിയായ ജെ.ഡി.എസിന്റെ നേതാവുമായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട സെക്‌സ് വീഡിയോ വിവാദത്തില്‍ മൗനം വെടിഞ്ഞ് ബിജെപി ദേശീയ നേതൃത്വം. സഖ്യത്തിന് തന്നെ നാണക്കേടായി മാറിക്കൊണ്ടിരിക്കുന്ന വിവാദത്തില്‍ ആദ്യമായി അമിത് ഷാ ആണ് ഒരു പതിഞ്ഞ പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്. തന്റെ പാര്‍ടി അന്വേഷണത്തിന് അനുകൂലമാണ് എന്നാണ് അമിത് ഷാ പ്രതികരിച്ചത്. ഒപ്പം കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും അദ്ദേഹം കടന്നാക്രമിച്ചു.
“രാജ്യത്തിൻ്റെ ‘മാതൃശക്തി’യ്‌ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന ബിജെപിയുടെ നിലപാട് വ്യക്തമാണ് . എനിക്ക് കോൺഗ്രസിനോട് ചോദിക്കാനുള്ളത് ആരുടെ സർക്കാരാണ് അവിടെ ഉള്ളത് എന്നാണ്. കോൺഗ്രസ് പാർട്ടിയുടേതാണ് സർക്കാർ. എന്തുകൊണ്ടാണ് അവർ ഇതുവരെ ഒരു നടപടിയും എടുക്കാത്തത്? ”– അമിത് ഷാ ചോദിച്ചു.
എന്നാല്‍ ഈ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതോടെയാണ് എച്ച്.ഡി.ദേവ ഗൗഡയുടെ കൊച്ചു മകനും, എച്ച.ഡി. കുമാരസ്വാമിയുടെ മരുമകനുമായ പ്രജ്വല്‍ നാട്ടില്‍ നിന്നും ഒളിച്ചോടിയിരിക്കുന്നത്. ഹാസനില്‍ ബിജെപി-ജെഡിഎസ് സഖ്യസ്ഥാനാര്‍ഥിയായ പ്രജ്വല്‍ എവിടെയാണെന്ന് വ്യക്തമല്ല. വിദേശത്തേക്ക് കടന്നുവെന്നാണ് വാര്‍ത്തയുള്ളത്. ഇത് നിഷേധിക്കാന്‍ പാര്‍ടിയോ പ്രജ്വലിന്റെ ബന്ധുക്കളോ തയ്യാറായിട്ടുമില്ല.
പ്രിയങ്ക ഗാന്ധി പ്രജ്വലിന്റെ വീഡിയോ സംബന്ധിച്ച് പ്രധാനമന്ത്രി മോദിയോട് ചില ചോദ്യങ്ങള്‍ കഴിഞ്ഞ ദിവസം ചോദിച്ചുകൊണ്ട് വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടു വന്നതോടെയാണ് ബിജെപി പ്രതികരിക്കാന്‍ നിര്‍ബന്ധിതമായത്.