രാഹുല്‍ ഗാന്ധി യു.പി.യിലെ റായ്ബറേലിയില്‍ നിന്നും മല്‍സരിക്കുമെന്ന് ശരിക്കും ബിജെപി പ്രതീക്ഷിച്ചിരുന്നില്ലെന്നു വെളിവാക്കുന്ന പ്രതികരണങ്ങളും പരിഹാസവുമായി ഉന്നത നേതാക്കള്‍. രാഹുലിന്റെ മല്‍സരം ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂട്ടുന്ന ഒന്നാണെന്ന് പരോക്ഷമായി സമ്മതിക്കുന്ന വിധം, ക്രൂരമായ പരിഹാസവുമായാണ് ബിജെപി നേതാക്കള്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ സ്വീകരിച്ചത്.
രാഹുല്‍ ഭീരുവാണെന്ന് പരിഹസിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയത്. അമേഠിയില്‍ നിന്നും ഒളിച്ചോടിയ ഭീരു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി രാഹുല്‍ മല്‍സരത്തിലേക്കു വന്നതിലുള്ള അസ്വസ്ഥത മോദിയുടെ പരിഹാസത്തില്‍ പ്രകടമായിരുന്നു. പിറകെ അമിത് ഷായും രംഗത്തെത്തി. തങ്ങള്‍ ചന്ദ്രയാന്‍-3 വിക്ഷേപിച്ചുവെന്നും അത് വിജയകരമായിരുന്നുവെന്നും എന്നാല്‍ സോണിയഗാന്ധി രാഹുൽയാൻ വിക്ഷേപിക്കാന്‍ 20 തവണ ശ്രമിച്ചെന്നും എല്ലാത്തവണയും പരാജയപ്പെട്ടുവെന്നും അമിത് ഷാ ബലഗാവിയിലെ തിരഞ്ഞെടുപ്പു റാലിയില്‍ ഗാന്ധി കുടുംബത്തെ ക്രൂരമായി പരിഹസിച്ചു.

“ഞങ്ങൾ ചന്ദ്രയാൻ -3 വിക്ഷേപിച്ചു. അത് വിജയകരമായിരുന്നു. മറുവശത്ത്, സോണിയ ഗാന്ധിജി രാഹുൽയാൻ വിക്ഷേപിക്കാൻ 20 തവണ ശ്രമിച്ചു, എല്ലാ തവണയും പരാജയപ്പെട്ടു. ഇപ്പോൾ അദ്ദേഹം അമേഠിയിൽ നിന്ന് പോകുകയും റായ്ബറേലിയിൽ നിന്ന് മത്സരിക്കുകയും ചെയ്യുന്നു. ഇവിടെ നിന്നുള്ള ഫലം ഞാൻ രാഹുൽ ഗാന്ധിയോട് പറയാൻ ആഗ്രഹിക്കുന്നു- റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥി ദിനേഷ് പ്രതാപ് സിങ്ങിനോട് ‘രാഹുൽ ബാബ’ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടും.”– അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ 23 വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അവധി പോലും എടുത്തിട്ടില്ലെന്നും രാഹുൽ ഗാന്ധി ഇടയ്ക്കിടെ അവധിക്ക് പോകാറുണ്ടെന്നും അമിത് ഷാ പറഞ്ഞു.
“ഒരു വശത്ത് 12 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയ കോൺഗ്രസ് പാർട്ടിയുണ്ട് . മറുവശത്ത്, കഴിഞ്ഞ 23 വർഷമായി ഒരു ആരോപണവുമില്ലാതെ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും രാജ്യത്തെ സേവിച്ച പ്രധാനമന്ത്രി മോദിയുണ്ട്. ഒരു വശത്ത്, മൂന്ന് മാസത്തിലൊരിക്കൽ വിദേശത്തേക്ക് അവധിയെടുക്കുന്ന രാഹുൽ ബാബയുണ്ട്. മറുവശത്ത്, കഴിഞ്ഞ 23 വർഷമായി ഒരു അവധി പോലും എടുക്കാത്ത, നമ്മുടെ ധീര സൈനികർക്കൊപ്പം ഉത്സവങ്ങൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി മോദിയുണ്ട്. “– ഷാ പറഞ്ഞു.