1980-കളിൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള പ്രചാരണത്തിൻ്റെ ചുമതല ഭാരതീയ ജനതാ പാർട്ടി ഏറ്റെടുത്തതു മുതൽ ഉത്തർപ്രദേശ് ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കേന്ദ്രമാണ്. എന്നാൽ 2014ന് ശേഷം ദേശീയതലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവിർഭാവത്തോടെയാണ് ഹിന്ദുത്വത്തിന് രാഷ്ട്രീയ പ്രാധാന്യം ലഭിച്ചത്. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 80ൽ 71 സീറ്റും ബിജെപി തൂത്തുവാരി. അപ്നാദൾ രണ്ടും സമാജ്വാദി പാർട്ടി അഞ്ചും കോൺഗ്രസ് രണ്ടും സീറ്റുകൾ നേടി.
2019ൽ ബിജെപി 62 സീറ്റും സഖ്യകക്ഷികൾ രണ്ട് സീറ്റും നേടി. 2017ലും 2022ലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി തൂത്തുവാരി. 370 എന്ന ലക്ഷ്യം പിന്തുടരാൻ ബിജെപി ഇപ്പോൾ ഉറ്റു നോക്കുന്നത് ഈ സംസ്ഥാനത്തേക്കാണ്.
ജനുവരി 22 ന് നടന്ന അയോധ്യാ രാമക്ഷേത്ര സമർപ്പണ ചടങ്ങിൻ്റെ കേന്ദ്ര ബിന്ദു നരേന്ദ്ര മോദിയായിരുന്നു. പൂജാരിയായും മോദി അവതരിച്ചു. മറ്റാർക്കും അവിടെ പ്രവേശനം കിട്ടിയില്ല. മെയ് അഞ്ചിന് കിഴക്കൻ ഉത്തർപ്രദേശിലെ വോട്ടെടുപ്പിന് മുന്നോടിയായി മോദി ക്ഷേത്രം സന്ദർശിക്കുകയും റോഡ് ഷോ നടത്തുകയും ചെയ്തു. എന്നാൽ രാമ തരംഗം വളരെ വേഗത്തിൽ ഉയർന്നുവന്നേക്കാമെന്ന കണക്കു കൂട്ടലാണ് ബിജെപിക്ക്.
ദലിതുകൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ , മുസ്ലീങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അടിത്തറ ഉണ്ടായിരുന്നിട്ടും 2019 ൽ ബിജെപിയെ തകർക്കുന്നതിൽ ശക്തമായ എസ്പി-ബിഎസ്പി സഖ്യം പരാജയപ്പെട്ടു. ബിജെപി അവരുടെ വോട്ട് വിഹിതം 50ശതമാനം ആയി വർദ്ധിപ്പിച്ചു. 2019-ൽ ബിഎസ്പിയുടെ കാര്യത്തിൽ സംഭവിച്ചതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കോൺഗ്രസുമായി എസ്പി മികച്ച ഏകോപനം നടത്തി. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഒരുമിച്ച് പ്രചാരണം നടത്തി. അവർ ഒരുമിച്ച് ഗാസിയാബാദിലും കോൺഗ്രസ് അധ്യക്ഷൻ മാലികാർജുൻ ഖാർഗെ ലക്‌നൗവിൽ രാഹുലുമൊത്തും പത്രസമ്മേളനം നടത്തി. പ്രതിപക്ഷം ജാതി സെൻസസ് വാഗ്ദാനം ചെയ്തു. ഭരണഘടന മാറ്റാനും സംവരണം അവസാനിപ്പിക്കാനുമാണ് ബി.ജെ.പിയുടെ നീക്കം എന്ന ഒരു ആഖ്യാനം കെട്ടിപ്പടുക്കാൻ രാഹുലിനും അഖിലേഷിനും സാധിച്ചിട്ടുണ്ട്. ഇത് വോട്ട് ബാങ്കിനെ സ്വാധീനിക്കാം.
2014ൽ അഞ്ചിലൊന്ന് (19.70 ശതമാനം) വോട്ട് നേടിയിട്ടും ബിഎസ്പിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 2019-ൽ എസ്‌പിയുമായി സഖ്യമുണ്ടാക്കി സമാനമായ വോട്ട് വിഹിതത്തോടെ 10 സീറ്റുകൾ അവർ നേടി. എന്നാൽ 2022-ൽ ഒരു അസംബ്ലി സീറ്റ് മാത്രംകിട്ടി. വോട്ട് വിഹിതം 12.8 ശതമാനം ആയി ചുരുങ്ങി. ദളിതരുടെ പിന്തുണ നഷ്ടപ്പെട്ടു.
ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ബിഎസ്പിയുടെ നീക്കം ബിജെപിയെ സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ബിജെപിക്കും എസ്പി-കോൺഗ്രസ് സഖ്യത്തിനും ഒരുപോലെ തിരിച്ചടിയായേക്കുമെന്ന തിരിച്ചറിവ് ഇപ്പോൾ ഉയരുന്നുണ്ട്. ഗാസിയാബാദ്, ബിജ്‌നോർ, മഥുര, മീററ്റ്, അലിഗഡ് എന്നിവിടങ്ങളിൽ ബിഎസ്‌പി സ്ഥാനാർത്ഥികൾ ബിജെപിയുടെ വോട്ട് ബാങ്കിൽ ഇടിച്ചുകയറുമെന്നാണ് കരുതുന്നത്. ബദൗൺ, സഹറൻപൂർ, അംറോഹ എന്നിവിടങ്ങളിൽ ബിഎസ്പിയുടെ മുസ്ലീം സ്ഥാനാർത്ഥികൾ എസ്പി-കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. സംസ്ഥാനത്ത് ശേഷിക്കുന്ന വോട്ടെടുപ്പു ഘട്ടങ്ങളിലും ബിഎസ്പി ഘടകം പ്രസക്തമാണ്.
പ്രധാനമന്ത്രി മോദിയും കേന്ദ്രമന്ത്രി അമിത് ഷായും കഴിഞ്ഞാൽ ബി.ജെ.പിയുടെ ഏറ്റവും വലിയ താര പ്രചാരകനാണ് യോഗി ആദിത്യനാഥ്. ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഉൾപ്പെടെ — ഉത്തർപ്രദേശിന് പുറത്ത് 26 എണ്ണം — 135 റാലികളെ അദ്ദേഹം ഇതുവരെ അഭിസംബോധന ചെയ്തിട്ടുണ്ട്.
2017 മുതൽ ആദിത്യനാഥ് ശക്തനായ ഒരു നേതാവിൻ്റെ പ്രതിച്ഛായ കെട്ടിപ്പടുത്തു, കുറ്റകൃത്യങ്ങളോട് കാർക്കശ്യത്തോടെ പെരുമാറുന്ന , ഹിന്ദുത്വത്തോടും വികസനത്തോടും അചഞ്ചലമായ പ്രതിബദ്ധതയുള്ള നേതാവായി ഇദ്ദേഹം അവതരിക്കുന്നു . തൻ്റെ തിരഞ്ഞെടുപ്പ് റാലികളിൽ ഇക്കാര്യം ഊന്നിപ്പറയുകയും ചെയ്യുന്നു. ആദിത്യനാഥിനെപ്പോലെ കഴിവുള്ള ഒരു ഭരണാധികാരിയെ കിട്ടിയത് ഭാഗ്യമാണെന്നു മോദിയും പ്രസംഗിക്കുന്നു.
ഉത്തർപ്രദേശിൽ ജാതിയാണ് എന്നും അവിടുത്തെ സൂക്ഷ്മ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയത് . 1990-കളുടെ തുടക്കം മുതൽ 2012 വരെ ദളിത്, ഒബിസി രാഷ്ട്രീയം ബിജെപിയുടെ വിശ്വാസാധിഷ്ഠിത അജണ്ടയെ പ്രതിരോധിച്ചു . 2014 ആയപ്പോഴേക്കും ബി.ജെ.പി തങ്ങളുടെ സാമൂഹിക അടിത്തറ വികസിപ്പിച്ച് യാദവ് ഇതര ദലിതുകളിലേക്കും യാദവ ഇതര ഒബിസികളിലേക്കും വ്യാപിപ്പിച്ച് ഒരു വലിയ ഹിന്ദു അടിത്തറ കെട്ടിപ്പടുത്തു . ജാതി സെൻസസ് ഒരു പ്രധാന വോട്ടെടുപ്പ് വിഷയമാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞതിനാൽ ബിജെപിയുടെ ഈ ജാതി അടിത്തറ സമ്മർദ്ദത്തിലാണെന്നാണ് വിലയിരുത്തൽ .
ഭരണഘടന മാറ്റാനും സംവരണം ഇല്ലാതാക്കാനുമാണ് ബിജെപി ആഗ്രഹിക്കുന്നതെന്നു പ്രതിപക്ഷം ആരോപിച്ചതോടെ ഇത് പിന്നാക്ക ജാതിക്കാർക്കിടയിൽ ഒരു പ്രധാന പ്രശ്നമായി ഉയർന്നു നിൽക്കുന്നുണ്ട് എന്നതാണ് അടിസ്ഥാന തലത്തിൽ കാണുന്ന ചലനം.