ദേവഗൗഡയുടെ കൊച്ചുമകനും ഹാസന്‍ എം.പി.യും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദക്കുരുക്കില്‍. ഭരണകക്ഷിയായ കോണ്‍ഗ്രസ് രേവണ്ണയ്‌ക്കെതിരെ പ്രത്യക പൊലീസന്വേഷണം പ്രഖ്യാപിച്ചതോടെ രേവണ്ണ രാജ്യം വിട്ട് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് രക്ഷപ്പെട്ടതായി വാര്‍ത്തയുണ്ട്. ഇത് ജെ.ഡി.എസ്. നിഷേധിക്കുകയോ ശരിവെക്കുകയോ ചെയ്തിട്ടില്ല. ജെഡിഎസിന്റെ സഖ്യകക്ഷിയായ ബിജെപിയും അശ്ലീലവീഡിയോ വിഷയത്തില്‍ മുഖം നഷ്ടപ്പെട്ട് ഒന്നും പറയാതെ കൈകഴുകിയിരിക്കയാണ്. അമ്മാവനും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയും വിവാദത്തില്‍ പ്രതികരിക്കാതെ മാറി നില്‍ക്കുകയാണ്.
ഏപ്രില്‍ 26-നായിരുന്നു ഹാസനില്‍ വോട്ടെടുപ്പ്. രേവണ്ണ ഇവിടെ രണ്ടാമൂഴത്തില്‍ മല്‍സരിച്ചിരുന്നു. വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പാണ് വീഡിയോകള്‍ പുറത്തുവന്നത്. നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയരായതായി വീഡിയോ കാണിക്കുന്നതായി പറയപ്പെടുന്നു. ഏപ്രില്‍ 25-ന് സംസ്ഥാന വനിതാ കമ്മീഷന്‍, ഇക്കാര്യത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.
“പ്രജ്വല് രേവണ്ണയുടെ അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. സ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ഹാസൻ ജില്ലയിൽ പ്രചരിക്കുന്ന അശ്ലീല വീഡിയോ ക്ലിപ്പുകൾ തെളിയിക്കുന്നു. “– മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
പ്രജ്വല് രേവണ്ണ രാജ്യത്തിന് പുറത്താണെന്ന് കരുതുന്നുണ്ടെങ്കിലും, അദ്ദേഹത്തിൻ്റെ പോളിംഗ് ഏജൻ്റ് വീഡിയോകളുമായി ബന്ധപ്പെട്ട് അവ മോർഫ് ചെയ്ത വീഡിയോകളാണെന്ന് അവകാശപ്പെട്ടു.