ജനറൽ കോച്ചിലെ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെ്യതതിന് മംഗലാപുരം–തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇക്ക് യാത്രക്കാരനിൽനിന്നും മർദനമേറ്റു. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയെ ആണ് മർദിച്ചത്.
തിരൂരിന് അടുത്ത് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു ആക്രമണം. മൂക്കിന് ഇടിയേറ്റ ടിടിഇ ചികിത്സയിലാണ്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് തന്നെ ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞു. യാത്രികന്റെ കയ്യിൽ ജനറൽ ടിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിയുടെ പേരുവിവരങ്ങൾ ലഭ്യമല്ല. മറ്റു യാത്രക്കാർ നോക്കിനിൽക്കെയാണ് ടിടിഇക്ക് മർദനമേറ്റത്. ടിടിഇയുടെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം .