തന്റെ വീട് ആക്രമിച്ചതിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിച്ച് ആർഎംപി നേതാവ് കെ എസ് ഹരിഹരൻ. ആക്രമണത്തിന് മുൻപ് വീടിന് സമീപത്ത് കണ്ട കാർ വടകര രജിസ്ട്രേഷനിലുളളതാണെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നും കാർ ഇതിനോടകം കൈമാറി കഴിഞ്ഞിട്ടുണ്ടാകുമെന്നും ഹരിഹരൻ പറഞ്ഞു. ലളിതമായ ഖേദപ്രകടനത്തിൽ ഇത് അവസാനിക്കില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞിരുന്നത് ഇതിന്റെ സൂചന ആണെന്നും ഹരിഹരൻ ആരോപിച്ചു.
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം ഒലിപ്രം കടവിനടുത്താണ് ഹരിഹരന്റെ വീട്. ഇവിടേക്ക് ഇന്നലെ രാത്രി എട്ടു മണി കഴിഞ്ഞായിരുന്ന അജ്ഞാതരുടെ ആക്രമണം. ബൈക്കിലെത്തിയവര്‍ സ്‌ഫോടക വസ്തു എറിഞ്ഞു. ഹരിഹരന്‍ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഒപ്പം കടുത്ത സിപിഎം വിമര്‍ശകനും അധിനിവേശ പ്രതിരോധ സമിതി നേതാവും ഹരിഹരന്റെ ഭാര്യാ സഹോദരനുമായ ഡോ. ആസാദും വീട്ടിലുണ്ടായിരുന്നു.

രാത്രിയിലെ സ്‌ഫോടക വസ്തു ഏറിനു മുന്‍പായി ഇന്നലെ ഉച്ചയ്ക്ക് കാറിലെത്തിയ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നതായും ഹരിഹരന്‍ പറയുന്നുണ്ട്. ഇതേക്കുറിച്ചാണ് സിപിഎം ആണ് ഇതിനു പിന്നിലെന്ന് ഹരിഹരന്‍ പ്രതികരിക്കുന്നത്.