ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂൺ പറഞ്ഞു. മാലിദ്വീപിൽ തമ്പടിച്ചിരിക്കുന്ന ഇന്ത്യൻ സൈനികരെ പിൻവലിച്ചതിനെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കാൻ ശനിയാഴ്ച പ്രസിഡൻ്റിൻ്റെ ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മൗമൂൺ ഇക്കാര്യം പറഞ്ഞത്.
“പല ഘട്ടങ്ങൾ കടന്നുപോകേണ്ട പരിശീലനമായിരുന്നതിനാൽ, വിവിധ കാരണങ്ങളാൽ നമ്മുടെ സൈനികർ അത് പൂർത്തിയാക്കിയിട്ടില്ല. അതിനാൽ രണ്ട് ഹെലികോപ്റ്ററുകളും ഡോർണിയറും പറത്താൻ ലൈസൻസുള്ളവരോ പൂർണ്ണമായും പ്രവർത്തനക്ഷമത ഉള്ളവരോ ആരും ഇപ്പോൾ ഞങ്ങളുടെ സേനയിൽ ഇല്ല. “– ഗസ്സാൻ മൗമൂൺ പറഞ്ഞതായി അധാധു ഡോട്ട് കോം ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു.
ഇപ്പോഴത്തെ പ്രസിഡണ്ട് മുഹമ്മദ് മുയിസു അധികാരമേറ്റയുടനെ, ഇന്ത്യന്‍ സൈനികര്‍ മുഴുവനായി മാലിദ്വീപ് വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് മാലിദ്വീപില്‍ നിന്നും മുഴുവന്‍ സൈനികരെയും ഇന്ത്യ പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്.