പാനൂർ വള്ള്യായിയിലെ വിഷ്‌ണുപ്രിയ കൊലക്കേസിൽ ശിക്ഷ ഇന്ന് വിധിക്കും. പ്രണയത്തില്‍ നിന്നും പിന്‍മാറിയതിന്റെ വൈരാഗ്യത്തില്‍ നടത്തിയ അരുംകൊല കണ്ണൂരിനെ നടുക്കിയ സംഭവമായിരുന്നു. 2022 ഒക്ടോബർ 22നാണ് യുവതി കൊല്ലപ്പെട്ടത്. വിഷ്‌ണുപ്രിയയുടെ മുൻ സുഹൃത്ത് ശ്യാംജിത്ത് ആണ് പ്രതി. ഇയാൾ യുവതിയുടെ വീട്ടിലേക്ക് കയറിവരുന്ന വീഡിയോ ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്.
പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. അതിനുശേഷമാണ് ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റിവച്ചത്.
പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കൃത്യമായ സാക്ഷി മൊഴികളും തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞത് ശ്യാംജിത്തിന് പരമാവധി ശിക്ഷ നൽകാൻ സഹായമാകുമെന്നും പ്രോസിക്യൂഷൻ കരുതുന്നു.