കാലാവസ്ഥാ വ്യതിയാനം ഫലപ്രദമായി വിലയിരുത്തുന്നതിന് കർണാടക വനങ്ങളിൽ ആദ്യമായി മൂന്ന് ക്യാമറകൾ സ്ഥാപിക്കാൻ നടപടി. നാഗർഹോളെ, ദണ്ഡേലി, ശിവമോഗ എന്നിവിടങ്ങളിലെ നിത്യഹരിത-ഇലപൊഴിയും വനങ്ങളിൽ കേന്ദ്രങ്ങൾ സ്ഥാപിച്ച് പഠനം നടത്താനാണ് ഒരുങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം പഠിക്കാൻ, ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പും പരിസ്ഥിതി മാനേജ്‌മെൻ്റ് ആൻഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (EMPRI) കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്‌മെൻ്റും ചേർന്ന് അഞ്ച് വർഷം നീളുന്ന പഠനമാണ് തുടങ്ങുന്നത്.
പരിസ്ഥിതിപരമായി ഏറെ ദുർബലവും യുനെസ്‌കോയുടെ പൈതൃക മേഖലയുമായ മായ പശ്ചിമഘട്ടത്തിൻ്റെ ഏറ്റവും വലിയ ഭാഗം കർണാടകയിലാണ്. കാലാവസ്ഥാ വ്യതിയാനം, ദ്രുതഗതിയിലുള്ള നഗരവൽക്കരണം, പച്ചപ്പ് കുറയൽ, ഭൂവിനിയോഗത്തിലെ മാറ്റം എന്നിവയുടെ ആഘാതത്തിൽ പശ്ചിമഘട്ടത്തിൻ്റെ പല ഭാഗങ്ങളും ദുർബലമായി വരികയാണ്.
വർഷത്തിലെ 365 ദിവസവും പഠനം നടത്തും. സംസ്ഥാന, കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നുള്ള സംഘങ്ങളാണ് പഠനത്തിൻ്റെ ഭാഗമാകുന്നത്. മൂല്യനിർണയത്തിനായി അവർ ദിവസേന വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കും. പഠനത്തിനായി കഴിഞ്ഞ വർഷം വിശദമായ ശിൽപശാലകളും പരിശീലനവും നടത്തി. കൃഷി, ഹോർട്ടികൾച്ചർ, ഊർജം, ജലസേചനം തുടങ്ങി 42 സർക്കാർ വകുപ്പുകൾ പഠനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഇഎംപിആർഐ നോഡൽ ഏജൻസിയായിരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.