ഇന്ത്യയുമായി ലയിക്കണമെന്നാവശ്യപ്പെട്ട് പാക് അധീന കാശ്മീരില്‍ വ്യാപകമായി പോസ്റ്ററുകള്‍. വിലക്കയറ്റത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായ്മക്കും എതിരെ പുകയുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്ത്യാനുകൂല പോസ്റ്ററുകളും നിറയുന്നത്. ജനങ്ങളുടെ പ്രതിഷേധം തെരുവില്‍ എത്തിയപ്പോള്‍ ഒരു പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നൂറിലേറെ പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മുസാഫ്രാബാദ്, സെഹൻസ, മിർപൂർ, റാവൽകോട്ട്, ഖുരാട്ട, തട്ടപാനി, ഹത്തിയൻ ബാല എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
നിരായുധരായ സാധാരണക്കാർക്ക് നേരെ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് പാക് അധീന കാശ്മീർ അവാമി ആക്ഷൻ കമ്മിറ്റി പ്രവർത്തകൻ അംജദ് അയൂബ് മിർസ ആരോപിച്ചു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായെന്നും ഗിൽജിത് ബാൾട്ടിസ്ഥാനിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം നേടാൻ ഇന്ത്യ സഹായിക്കണമെന്നും മിർസ ആവശ്യപ്പെട്ടു. അതേസമയം, മുസാഫ്രാബാദിലെ ജമ്മു കശ്മീർ ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) പ്രതിനിധികളുമായി ചർച്ച നടത്തണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തൻ്റെ ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.
വിലക്കയറ്റത്തിനെതിരെ അവാമി ആക്ഷൻ കമ്മിറ്റി (എഎസി) മെയ് 10 നാണ് പ്രതിഷേധം ആരംഭിച്ചത്. ഇതോടെ സുരക്ഷാ സേനയുടെ അടിച്ചമർത്തൽ ആരംഭിച്ചു . തുടർന്ന് ഷട്ടർ ഡൗൺ സമരം നടന്നു. ഇത് നേരിടാൻ പോലീസ് കണ്ണീർ വാതക ഷെല്ലാക്രമണം നടത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും അടച്ചുപൂട്ടിക്കൊണ്ട് പാക് സർക്കാർ നിരോധനാജ്ഞ ഏർപ്പെടുത്തി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ബാറ്റൺ പ്രയോഗിച്ചതിൽ 100 പേർക്ക് പരിക്കേറ്റതായി പറയുന്നു. സമൂഹ മാധ്യമങ്ങളിൽ അക്രമത്തിന്റെ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.