Categories
outlook

ഇ.പിയോട് സിപിഎം ചെയ്തതിന്റെ ഫലമാണ് ഇപ്പോൾ ഇപിയുടെ ചെയ്തികള്‍…ആരാണ് ഉത്തരവാദി

കേരളത്തിലെ സിപിഎമ്മുകാരുടെ എണ്ണം പറഞ്ഞ ആവേശ നേതാവായിരുന്നു ആലപ്പുഴ ജില്ലക്കാരനായ ജി.സുധാകരന്‍. പാര്‍ടിയില്‍ സംസ്ഥാന തലത്തില്‍ തന്നെ സീനിയര്‍ നേതാവും മുന്‍ മന്ത്രിയും അഴിമതിക്കാരനല്ലെന്ന് പേരെടുത്തയാളുമൊക്കെയായ സുധാകരന്‍ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണാത്ത എവിടെയോ ആയിരുന്നു എന്ന് പത്രവും ടെലിവിഷനും ശ്രദ്ധിക്കുന്നവര്‍ക്ക് അറിയാം. നേതാക്കളെ സിപിഎം കൈകാര്യം ചെയ്യുന്നതിന്റെ ഒരു ‘വിഖ്യാത മാതൃക’യാണിത്. പാര്‍ടിയിലെ പ്രധാന അധികാര കേന്ദ്രത്തിന് അനഭിമതനായാല്‍ പിന്നെ എത്ര വലിയ നേതാവായാലും അവഗണനയുടെ പടുകുഴിയിലായിരിക്കും സ്ഥാനം. ജി.സുധാകരന്‍ ചെയ്തതായി ആരോപിക്കപ്പെട്ട ചില ‘കുനുഷ്ട് പാര’ പ്രവര്‍ത്തനങ്ങളുടെ നൂറിരട്ടി നിത്യവും ചെയ്ത് കഴിയുന്ന പല നേതാക്കളുമുണ്ടാകാമെങ്കിലും അവരെല്ലാം പാര്‍ടിയില്‍ സുരക്ഷിതരാണ്. എന്താണ് കാരണം- മറ്റൊന്നുമല്ല, മേല്‍പ്പറഞ്ഞ പ്രധാന അധികാരകേന്ദ്രത്തിന്റെ ഇംഗിതാനുവര്‍ത്തിയാണ് എന്നതു തന്നെ.

ഇത്രയും പറഞ്ഞത് കണ്ണൂരിലെ ഏറ്റവും സീനിയര്‍ നേതാക്കളില്‍ ഒരാളായ ഇ.പി.ജയരാജനെക്കുറിച്ച് പറയാനാണ്. കണ്ണൂര്‍ ജില്ലയെ സംബന്ധിച്ച ഇ.പി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെക്കാളും പാര്‍ടിയില്‍ സീനിയോറിറ്റിയുള്ള നേതാവാണ്. പിണറായി വിജയന്‍ മാത്രമാണ് ഇ.പി.ക്കു തൊട്ടു മുകളില്‍ സീനിയോറിറ്റിയുള്ള നേതാവ്. ഇരുവരും ജില്ലാ-സംസ്ഥാനതലത്തില്‍ പ്രധാന നേതാക്കളായത് എം.വി.രാഘവന്‍ പാര്‍ടിയില്‍ ബദല്‍രേഖ എന്ന ബദല്‍ സമീപനം അവതരിപ്പിക്കാന്‍ ശ്രമിച്ച് പുറത്താക്കപ്പെട്ടതിനു ശേഷം മാത്രമാണ്. അക്കാലത്ത് പിണറായി വിജയനൊപ്പം കണ്ണൂരില്‍ ജില്ലാതലത്തില്‍ ഉയര്‍ന്നു വന്ന നേതാവ് ഇ.പി.ജയരാജനാണ്. എം.വി.രാഘവന്‍ പാര്‍ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കാലത്ത് അദ്ദേഹം കണ്ണൂരിലെയും സംസ്ഥാനത്തെയും പ്രമുഖ സിപിഎം നേതാക്കളെയും കൊണ്ടാണ് പോയത്. അക്കാലത്ത് ഇ.പി.ജയരാജനും പിണറായി വിജയനും താഴെക്കിടയിലുള്ള നേതാക്കളായിരുന്നു. ജയരാജന്‍ മാടായി ഏരിയാ സെക്രട്ടറി മാത്രമായിരുന്നു, പിണറായി വിജയന്‍ ജില്ലാകമ്മിറ്റിയിലെ ഒരംഗം മാത്രവും. രാഘവന്‍ പാര്‍ടി വിട്ടതിന്റെ ഫലമായി ഉണ്ടായ നേതൃത്വ ഒഴിവുകളില്‍ ജയരാജന്‍ ജില്ലാനേതാവായി ഉയര്‍ത്തപ്പെട്ടു. പിണറായി വിജയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗമായും മാറി. പിന്നീട് സംസ്ഥാന സമിതിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. പിണറായി വിജയനൊപ്പം സീനിയോറിറ്റിയുള്ള കണ്ണൂര്‍ നേതാവാണ് ജയരാജന്‍. എന്നാല്‍ സീനിയോറിറ്റി മാത്രമല്ല നേതൃപാടവം കൂടിയാണ് കാലം ഒരു നേതാവിനെ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും എന്ന് ജയരാജന്‍ എല്ലാവരെയും നിരന്തരം ഓര്‍മിപ്പിക്കുന്നുണ്ട് താനും.

thepoliticaleditor

അക്കാലത്ത് ബദല്‍രേഖയ്‌ക്കൊപ്പം നില്‍ക്കുകയും പാര്‍ടിയില്‍ നിന്നും അച്ചടക്ക നടപടി നേരിടുകയും പിന്നീട് “തെറ്റു തിരുത്തി” തിരിച്ചെത്തുകയും ചെയ്ത നേതാവാണ് ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഘവനൊപ്പം നില്‍ക്കുകയും എന്നാല്‍ നടപടി വരുമെന്നായപ്പോള്‍ പിന്‍മാറുകയും ചെയ്തവരാണ് മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരും മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രൈവറ്റ് സെക്രട്ടറി പി.ശശി ഉള്‍പ്പെടയെുള്ളവരും എന്ന് അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ട വാര്‍ത്തയാണ്..

ഇപ്പോള്‍ പാര്‍ടി സംസ്ഥാന സമിതി അംഗവും കേരളബാങ്ക് ഡയറക്ടറുമായ എം.കെ.കണ്ണന്റെ കാര്യമാണ് രസകരം. രാഘവനൊപ്പം പോയി സിപിഎമ്മിനെ വിമര്‍ശിച്ച് പുതിയ പാര്‍ടിയായ സി.എം.പി.യുടെ നേതാവായി ദശാബ്ദങ്ങള്‍ പ്രവര്‍ത്തിച്ച കണ്ണന്‍ ഇപ്പോള്‍ സംസ്ഥാനത്തെ പ്രമുഖ സിപിഎം നേതാവും സംസ്ഥാന സമിതി അംഗവും കേരളബാങ്ക് ഡയറക്ടറും ഒക്കെയായി നേതൃസ്ഥാനത്തുണ്ട്.

ഈ പശ്ചാത്തലത്തില്‍ ചോദിച്ചു പോകുന്ന ചോദ്യം, ഇ.പി.ജയരാജനോട് സിപിഎം അടുത്ത കാലത്ത് കാണിച്ചത് നീതിയായിരുന്നുവോ. ജയരാജനെ, ഇപ്പോള്‍ ആരോപിക്കപ്പെടുന്ന ബിജെപി സൗഹൃദത്തിലേക്ക് നയിച്ചതിനു പിറകില്‍ അദ്ദേഹം വര്‍ഷങ്ങളായി നേരിടുന്ന കടുത്ത അവഗണന വലിയൊരു ഘടകമല്ലേ. ആണെന്നാണ് ഉത്തരം.

എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് എത്തിയ ജയരാജൻ ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം സിപിഐ കണ്ണൂർ ജില്ല സെക്രട്ടറിയായും തൃശ്ശൂർ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവർത്തിച്ചു. ഗോവിന്ദന്‍ മാസ്റ്ററെക്കാളും മുന്‍പേ സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായ വ്യക്തിയാണിദ്ദേഹം. കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ച ശേഷം സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഒഴിവ് വന്നപ്പോള്‍ പക്ഷേ ഇ.പി.യെ തഴഞ്ഞ് ഗോവിന്ദന്‍ മാസ്റ്ററെയാണ് പാര്‍ടി ഉന്നതാധികാരികള്‍ താല്‍പര്യപ്പെട്ടത്. താല്‍ക്കാലിക സെക്രട്ടറിയായി നേരത്തെ പ്രവര്‍ത്തിച്ചിരുന്ന എ.വിജയരാഘവനെ പോളിറ്റ് ബ്യൂറോ അംഗമാക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ഗോവിന്ദന്‍മാസ്റ്ററും പോളിറ്റ് ബ്യൂറോ അംഗമായി. പക്ഷേ വിജയരാഘവനെക്കാളും എത്രയോ സീനിയോറിറ്റിയുള്ള ജയരാജനെ പൊളിറ്റ് ബ്യൂറോ അംഗമാക്കാന്‍ പരിഗണിക്കാമായിരുന്നിട്ടും അതുണ്ടായില്ല. ഇ.പി.ജയരാജനെ ഏറ്റവും കൂടുതല്‍ അസ്വസ്ഥനാക്കിയത് ഇക്കാര്യത്തില്‍ കാണിച്ച അവഗണനയായാവാം.

ഒന്നാം പിണറായി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായ ഇ.പി.ജയരാജന്‍ ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കാന്‍ പാര്‍ടി നിര്‍ദ്ദേശിച്ചതോടെ പദവി നഷ്ടപ്പെട്ടവനായി. മന്ത്രിസഭയെ ആകെ നാണക്കേടിന്റെ പടുകുഴിയിലേക്ക് താഴ്ത്തിയ അശ്ലീലസന്ദേശ സംഭവത്തില്‍ രാജി വെക്കേണ്ടി വന്ന മന്ത്രി എ.കെ.ശശീന്ദ്രന്‍ പക്ഷേ വളരെ പെട്ടെന്നു തന്നെ ആ സ്ഥാനത്തേക്ക് തിരിച്ചെത്തിയെങ്കിലും താന്‍ കുറ്റവിമുക്തനാക്കപ്പെട്ടിട്ടു പോലും മന്ത്രിസ്ഥാനം തിരിച്ചു നല്‍കാത്തില്‍ ഇ.പി. ഏറെ അസ്വസ്ഥനായിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ടിക്കറ്റും ഇ.പി.ക്ക് നിഷേധിക്കപ്പെട്ടു. അങ്ങനെ എം.എല്‍.എ.യും അല്ലാതായി. “പിറകെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തന്നെക്കാളും ജൂനിയറായ ഒരാളെ കൊണ്ടുവന്നു. അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോ അംഗവുമാക്കി. താന്‍ അപ്പോഴും വളരെയധികം തഴയപ്പെട്ടു.– ഇതായിരുന്നു പിന്നീട് ഇ.പി.യുടെ നിസ്സഹകരണത്തിലുണ്ടായിരുന്ന പരോക്ഷസൂചന. അദ്ദേഹത്തെ വ്രണിത ഹൃദയനാക്കിയത് ഒരു ജനാധിപത്യ പാര്‍ടിയില്‍ സ്വാഭാവികമാണ്. കോണ്‍ഗ്രസിലാണെങ്കില്‍ ഈ ഒരൊറ്റ സംഭവത്തിലൂടെ ഒരു പിളര്‍പ്പു പോലും ഉണ്ടാകുമായിരുന്നു. പല കാര്യത്തിലും കോണ്‍ഗ്രസ് പോലെയായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന സിപിഎമ്മില്‍ പക്ഷേ ഇപ്പോഴും ചില കേന്ദ്രീകൃത ചട്ടങ്ങള്‍ ശക്തമായതിനാലാണ് പാര്‍ടികേന്ദ്രത്തിന് അനഭിമതര്‍ പുറത്താക്കപ്പെടുകയോ മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്യുമ്പോള്‍ വലിയ ചലനങ്ങള്‍ ഇല്ലാത്തത്.

കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരായ ബിജെപിക്കാര്‍ സ്വാഭാവികമായും അസംതൃപ്തനായ ഇ.പി.യുമായി സൗഹൃദമുണ്ടാക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ദല്ലാള്‍ നന്ദകുമാര്‍ ഇ.പി.യുടെ സുഹൃത്താണ് എന്നത് ഒരു വലിയ കുറ്റമായി കാണുന്ന പിണറായി വിജയന്‍ അറിയേണ്ട കാര്യം, ഒട്ടേറെ സിപിഎം നേതാക്കള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പല ദല്ലാള്‍മാര്‍ ഉണ്ട് എന്നതാണ്. വിഎസ് അച്യുതാനന്ദനുമായി വിഭാഗീയതക്കാലത്ത് അടുപ്പമുണ്ടായിരുന്നതിനാലാവാം നന്ദകുമാര്‍ പിണറായിക്ക് വെറുക്കപ്പെട്ടവനായി മാറിയത്. എന്നാല്‍ അന്ന് വിഎസിന് വെറുക്കപ്പെട്ടവന്‍ വേറെയൊരാളായിരുന്നു-ഫാരിസ് അബൂബക്കര്‍. ഫാരിസിന് ആരുമായിട്ടായിരുന്നു ബന്ധം എന്നത് അരമനരഹസ്യമായ അങ്ങാടിപ്പാട്ടായിരുന്നല്ലോ.
ഇ.പി. പാര്‍ടി ധാര്‍മികതയ്ക്ക് തീരെ നിരക്കാത്ത ബന്ധങ്ങളും ഇടപാടുകളും ഉള്ള ആള്‍ ആണെന്ന് വരുത്താന്‍ പാര്‍ടിക്കകത്തു നിന്നു തന്നെ വലിയൊരു ബോംബ് എടുത്ത് പൊട്ടിച്ചത് കണ്ണൂരിലെ മറ്റൊരു നേതാവായ പി.ജയരാജനായിരുന്നു.- വൈദേകം റിസോര്‍ട്ടിലെ പാര്‍ട്ണര്‍ഷിപ്പ് ആരോപിച്ച് . (ഇ.പി.യുടെ കച്ചോടം പലപ്പോഴും പരസ്യമായിപ്പോകുന്നത് എന്തുകൊണ്ടാണെന്നറിയില്ല. പക്ഷേ, അതീവ രഹസ്യമായി, ബിനാമികളെക്കൊണ്ട് ഇതിലും വലിയ വിജയകരമായ ബിസിനസ്സുകള്‍ നടത്തുന്ന നേതാക്കളെക്കുറിച്ച് സമൂഹത്തില്‍ വലിയ ചര്‍ച്ച നടക്കാറുണ്ട്. തെളിവില്ലാത്തതിനാല്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകാറില്ല..!)

പാര്‍ടി സംസ്ഥാന സമിതിയിലായിരുന്നു പി.ജയരാജന്റെ ആക്രമണം. ഇതില്‍ ഇ.പി. നിരായുധനായിപ്പോയി. എം.വി.ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള കളം നിരപ്പാക്കലിന് തന്നെ ബോധപൂര്‍വ്വം അപമാനിക്കയായിരുന്നു എന്നാണ് ഇ.പി.ജയരാജന്‍ ചിന്തിച്ചത്. വ്യക്തിപൂജ വിഷയത്തില്‍ നേരത്തെ അനഭിമതനായി ഒതുക്കപ്പെട്ടിരുന്ന പി.ജെ.-യെ ആരോ ഉപകരണമാക്കി തനിക്കെതിരെ അടിപ്പിക്കയായിരുന്നു എന്നാണ് ഇ.പി. കരുതിയത്. അത് തീര്‍ച്ചയായും ശരിയാകാനും ഇടയുള്ള സാഹചര്യമായിരുന്നു. ഇതെല്ലാം ചേര്‍ന്നാണ് ഇന്നത്തെ ഇ.പി.യെ സൃഷ്ടിച്ചത് എന്ന് നൂറു ശതമാനം ഉറപ്പാണ്. അതില്‍ സിപിഎമ്മിലെ ഇപ്പോഴത്തെ അധികാരകേന്ദ്രത്തിന് വലിയ പങ്കു തന്നെയാണുള്ളത്.

കണ്ണൂരിലെ ഏറ്റവും സീനിയറായ ഇ.പി.ക്ക് പാര്‍ടിയില്‍ അദ്ദേഹത്തിന് അവഗണനയില്ലെന്ന് തോന്നലുണ്ടാക്കാവുന്ന ഒരു സ്ഥാനം നല്‍കി ആശ്വസിപ്പിക്കാന്‍ ഉന്നത നേതൃത്വത്തിന് സാധിച്ചില്ല എന്നു പറഞ്ഞാല്‍ അത് തെറ്റല്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് പരിഗണിച്ചില്ല എന്നത് ഒരു തെറ്റായി പറഞ്ഞുകൂടാ. പക്ഷേ എ.വിജയരാഘവനെക്കാളും പൊളിറ്റ്ബ്യൂറോയില്‍ പരിഗണിക്കപ്പെടാന്‍ ഇ.പി.ക്ക് യോഗ്യതയില്ലേ എന്ന് ചോദിക്കാന്‍ മടിക്കേണ്ടതില്ല.

അവഗണനയുടെ തുടര്‍ച്ചയില്‍ ഒടുവില്‍ നല്‍കിയ സ്ഥാനം-ഇടതുമുന്നണി കണ്‍വീനര്‍ എന്ന പദവി ഇ.പി. ഒരിക്കലും തനിക്ക് മതിയായൊരു കസേരയായി കണ്ടില്ല. അപകര്‍ഷതാ ബോധത്തോടെയാണ് അദ്ദേഹം അടുത്ത കാലത്ത് പൊതുമണ്ഡലത്തില്‍ ജീവിച്ചത് എന്ന് വ്യക്തമാണ്.

ഏറ്റവും കുറഞ്ഞത് അദ്ദേഹത്തെ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തലെ സ്ഥാനാര്‍ഥിയായി പരിഗണിക്കാമായിരുന്നു. അദ്ദേഹം ഒരു പക്ഷേ നിലവിലെ സ്ഥാനാര്‍ഥി എം.വി.ജയരാജനെക്കാള്‍ പാര്‍ടി ഇതര വോട്ടുകള്‍ കാന്‍വാസ് ചെയ്യാന്‍ ഉതകുന്ന വ്യക്തിയും ആകുമായിരുന്നു.

കമ്മ്യൂണിസ്റ്റുകള്‍ക്ക് വേണ്ടതായ ജാഗ്രതയില്ലാതെ, മുതലാളിമാരുമായും സ്വകാര്യമൂലധനവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുമായും കൂട്ടുള്ള ആളാണ് ഇ.പി. എന്നതാണേ്രത അദ്ദേഹത്തെ പാര്‍ടിക്ക് അനഭിമതനാക്കിയ കാര്യം എന്ന് സിപിഎം അണികള്‍ വാദിക്കുന്നു. വലിയ തമാശയാണിത്. സ്വകാര്യമൂലധന ശക്തികളുമായി ചങ്ങാത്തമില്ലാത്ത നേതാക്കളെ മഷിയിട്ടു നോക്കിയാലേ ഇപ്പോള്‍ പാര്‍ടിയില്‍ കാണാനാവൂ. പദവികളില്‍ പരിഗണിക്കപ്പെടാതിരിക്കാന്‍ അതൊരു മാനദണ്ഡമാക്കിയാല്‍ എത്ര പേര്‍ പുറത്തു നില്‍ക്കേണ്ടി വരും-തീര്‍ച്ചയായും ക്യൂ നീണ്ടതായിരിക്കും.

വാല്‍ക്കഷണം: കമ്മ്യൂണിസ്റ്റ് പാര്‍ടി നേതാവ് എന്ന നിലയില്‍ ഇ.പി.ജയരാജന്‍ ചെയ്തത് ശരിയാണ് എന്ന് സ്ഥാപിക്കാനാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ ആളേയല്ല..! ഇ.പി.യെ പഞ്ഞിക്കിടുന്നവര്‍ കാലത്തിന്റെ അനിവാര്യതയായി അത് തുടരുക.….പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick