കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ പണിനടന്നുകൊണ്ടിരുന്ന വീടിന്റെ ടെറസ്സില്‍ ബോംബ് നിര്‍മിച്ചുകൊണ്ടിരിക്കെ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍
മൂന്ന് സിപിഎം മുൻ പ്രവര്‍ത്തകര്‍ അറസ്റ്റിൽ. ബോംബ് നിർമിച്ച സംഘത്തിലുണ്ടായിരുന്ന കുന്നോത്തുപറമ്പിലെ അതുൽ, അരുൺ, ഷബിൻ ലാൽ എന്നിവരാണ് അറസ്റ്റിലായത്. സായൂജ് എന്നയാളും കസ്റ്റഡിയിലുണ്ട്. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് വച്ചാണ് ഇയാൾ പിടിയിലായത്. നാല് പേരും ബോംബ് സ്ഫോടനം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരാണ്.
രാത്രി സ്ഥലത്തുണ്ടായിരുന്നവരിൽ മരിച്ച ഷെറിൽ, ഗുരുതര പരിക്കേറ്റ വിനീഷ്, വിനോദ്, അശ്വന്ത് എന്നിവരുൾപ്പെടെ എട്ട് പേരെയാണ് തിരിച്ചറിഞ്ഞത്. എല്ലാവരും സിപിഎം അനുഭാവികളാണ്. നിരവധി ക്രിമിനൽ കേസുകളും ഇവർക്കെതിരെയുണ്ട്. ക്വട്ടേഷൻ സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ട്. സിപിഎം നേതൃത്വം ഇവരെ കഴിഞ്ഞ ദിവസം തന്നെ തള്ളിപ്പറഞ്ഞിരുന്നു.
തെറ്റായ മാര്‍ഗത്തിലൂടെ പോകാന്‍ തുടങ്ങിയതോടെ ഇവരെ പാര്‍ടി ഒഴിവാക്കിയിരുന്നു എന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രസ്താവിച്ചത്. എന്നാല്‍ ഇവര്‍ സിപിഎം പ്രവര്‍ത്തകര്‍ എന്ന നിലയില്‍ തന്നെയാണ് പ്രാദേശികമായി അറിയപ്പെടുന്നത്.