“പിണറായി വിജയനോളം സീനിയോറിറ്റിയുള്ള” കണ്ണൂര്‍ ജില്ലയിലെ ഒരു സിപിഎം നേതാവ് ബിജെപിയില്‍ ഉന്നത പദവിയില്‍ ചേരുന്നതിനായി താനുമായി ചര്‍ച്ചയ്ക്കായി താല്‍പര്യപ്പെട്ടിരുന്നു എന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പുചൂടിനിടയിലും സിപിഎമ്മിലും പുറത്തും സജീവ ചര്‍ച്ചയാകുന്നു.
ദല്ലാള്‍ നന്ദകുമാര്‍ ആണ് താനുമായി ബന്ധപ്പെടാന്‍ സിപിഎം നേതാവിന് ഇടനിലക്കാരനായി നിന്നതെന്നും അതിന് കോടികള്‍ നന്ദകുമാര്‍ പ്രതിഫലം ആവശ്യപ്പെട്ടിരുന്നുവെന്നും ശോഭ വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ജനസ്വാധീനമുള്ള പാര്‍ടികളിലെ ഉന്നത നേതാക്കളെ ബിജെപിയിലേക്കെത്തിക്കാനായി ദക്ഷിണേന്ത്യയില്‍ ബിജെപി രൂപീകരിച്ച സമിതിയിലെ അംഗമായിരുന്നു താനെന്നും ശോഭ പറഞ്ഞു.
നന്ദകുമാറിന്റെ ഡീല്‍ ഉറയ്ക്കാതിരുന്നതും പാര്‍ടി മാറിയാല്‍ വന്‍ പ്രത്യാഘാതമായിരിക്കുമെന്ന ഭീഷണി ഉണ്ടായതുമാണ് സിപിഎം നേതാവിന്റെ പിന്മാറ്റത്തിന് കാരണമെന്നും ശോഭ പറഞ്ഞതോടെ ആരാണ് കണ്ണൂര്‍ ജില്ലയിലെ ആ “സീനിയര്‍ നേതാവ്” എന്ന ചര്‍ച്ച വ്യാപകമാണ്. സിപിഎമ്മിന്റെ ജില്ലയിലെ തലമുതിര്‍ന്ന നേതാവായ ഇ.പി.ജയരാജനിലേക്കാണ് ശോഭ നല്‍കിയ സൂചനകള്‍ ചേരുന്നതെന്ന് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്.
ഇ.പി.ജയരാജന് ശോഭയുടെ വാക്കുകള്‍ നല്‍കുന്ന സൂചനകള്‍ ചേരുംപടി ചേരുന്നത് പല തരത്തിലാണ്.
- പിണറായി വിജയനൊപ്പം കണ്ണൂരില്‍ ജില്ലാതലത്തില്‍ ഉയര്‍ന്നു വന്ന നേതാവ് ഇ.പി.ജയരാജനാണ്. എം.വി.രാഘവന്‍ പാര്‍ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കാലത്ത് അദ്ദേഹം കണ്ണൂരിലെയും സംസ്ഥാനത്തെയും പ്രമുഖ സിപിഎം നേതാക്കളെയും കൊണ്ടാണ് പോയത്. അക്കാലത്ത് ഇ.പി.ജയരാജനും പിണറായി വിജയനും താഴെക്കിടയിലുള്ള നേതാക്കളായിരുന്നു. ജയരാജന്‍ മാടായി ഏരിയാ സെക്രട്ടറി മാത്രമായിരുന്നു, പിണറായി വിജയന്‍ ജില്ലാകമ്മിറ്റിയിലെ ഒരംഗം മാത്രവും. രാഘവന്‍ പാര്‍ടി വിട്ടതിന്റെ ഫലമായി ഉണ്ടായ നേതൃത്വ ഒഴിവുകളില്‍ ജയരാജന്‍ ജില്ലാനേതാവായി ഉയര്‍ത്തപ്പെട്ടു. പിണറായി വിജയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗമായും മാറി. പിന്നീട് സംസ്ഥാന സമിതിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. ഇന്ന് ഇ.പി.ജയരാജന് പാര്‍ടിയില്‍ മുഖ്യസ്ഥാനം ഇല്ലാതെ പോയെങ്കിലും പിണറായി വിജയനൊപ്പം സീനിയോറിറ്റിയുള്ള കണ്ണൂര്‍ നേതാവാണ് ജയരാജന്‍.
- ദല്ലാള്‍ നന്ദകുമാറുമായുള്ള ഇ.പി.ജയരാജന്റെ, നേരത്തെ തന്നെ വിവാദമായ ബന്ധം. പാര്‍ടിയുടെ സംസ്ഥാന ജാഥയുടെ ഉദ്ഘാടനദിവസം പോലും ഇ.പി. പരസ്യമായി നന്ദകുമാറിന്റെ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് വിവാദമുണ്ടാക്കി.
- ഇ.പി.ജയരാജന്റെ ഭാര്യയ്ക്ക് പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടിലേക്ക് ശുശ്രൂഷാ സേവനങ്ങള്‍ നല്‍കാന്‍ കരാറാക്കിയത് ബിജെപി നേതാവും മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയുമായിട്ടാണ്. രഹസ്യമായ അന്തര്‍ധാരാ സൗഹൃദങ്ങളില്ലാതെ ഇത്തരം ബന്ധത്തിന് ഒരു സിപിഎം നേതാവിന്റെ ബന്ധമുള്ള പ്രസ്ഥാനം തയ്യാറാവില്ല.
- കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികളില്‍ പലരും മികച്ചവര്‍ ആണെന്ന ഇ.പി.ജയരാജന്റെ കമന്റിനു പിന്നിലെ മാനസികാവസ്ഥ. തിരഞ്ഞെടുപ്പു കാലത്ത് ബിജെപി സ്ഥനാര്‍ഥികള്‍ മികച്ചവരെന്ന് പ്രധാന രാഷ്ട്രീയ ശത്രുവായ സിപിഎമ്മിന്റെ ഉന്നത നേതാവില്‍ നിന്നും കമന്റുണ്ടായാല്‍ മനസ്സില്‍ അവരോടുള്ള ഇഷ്ടമോ മൃദുഭാവമോ ആയിരിക്കാമെന്ന വിലയിരുത്തല്‍.
- പല സമയത്തും ഇ.പി.ജയരാജന്‍ പരോക്ഷമായി ബിജെപി നേതാക്കളോട് പ്രകടിപ്പിക്കാറുളള മൃദുസമീപനം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നു.
ഇത്തരം അനേകം സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും മുന്‍നിര്‍ത്തിയും ഇ.പി.ജയരാജനെ സിപിഎം ഉന്നത സ്ഥാനത്തേക്ക് ഉയര്‍ത്താതെ തഴഞ്ഞ് പകരം ജൂനിയറായ എം.വി.ഗോവിന്ദനെ പരിഗണിച്ചു എന്നതിലെ കടുത്ത നീരസവും എല്ലാം ചേര്‍ത്ത് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലിനെ ചര്‍ച്ച ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പുതിയ ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.
ഇതിനെതിരായി ഉയരുന്ന മറുചര്‍ച്ചകളില്‍ പ്രധാനം ദല്ലാള്‍ നന്ദകുമാര്‍ ശോഭയെ തെറ്റിദ്ധരിപ്പിച്ചതാണ് എന്നതാണ്. ഇ.പി.യെ കാട്ടി അദ്ദേഹം ബിജെപിയിലേക്ക് വരാന്‍ താല്‍പര്യമുളള ആളാണെന്ന വിവരം ശോഭയ്ക്ക് മുമ്പാകെ അവതരിപ്പിച്ച് കോടികള്‍ പ്രതിഫലം നേടാനുള്ള ദല്ലാള്‍ബുദ്ധി കാണിക്കുകയായിരുന്നു നന്ദകുമാര്‍ എന്നതാണ് ഒരു സംശയം. നന്ദകുമാറിന് ഇത്തരം ജോലികള്‍ ഉയര്‍ന്ന നിലവാരമുള്ള കളികളാണ്. വിവാദങ്ങളെ ഭയക്കുന്ന ആളല്ല നന്ദകുമാര്‍ എന്ന് തെളിയിക്കപ്പെട്ട കാര്യമാണ്. രാഷ്ട്രീയ ദല്ലാള്‍പ്പണിയാണ് അയാള്‍ക്ക് ഏറെ ഖ്യാതി കിട്ടിവരുന്ന ഏര്‍പ്പാടും. അതില്‍ ഇ.പി. അറിയാതെ തന്നെ ഇ.പി.യെ കുരുക്കുകയായിരുന്നോ എന്നത് വ്യക്തമാകേണ്ടതുണ്ട്. ഒരു കര്‍ട്ടനു പിറകിലിരിക്കുന്ന നേതാവിനെ ചൂണ്ടിക്കാട്ടിയാണ് ശോഭയെ നന്ദകുമാര്‍ പാര്‍ടി മാറാന്‍ താല്‍പര്യമുള്ള കാര്യം ധരിപ്പിച്ചതെന്നു പറയുന്നുണ്ട്. ഇ.പി.യെക്കുറിച്ച് പറഞ്ഞാല്‍ വിശ്വസിക്കാവുന്ന സാഹചര്യം ഉണ്ടെന്നതും നന്ദകുമാര്‍ ഉപയോഗിച്ചു എന്നും കരുതാം.
കോണ്‍ഗ്രസില്‍ നിന്നും മാത്രമല്ല സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് നേതാക്കള്‍ വരുമെന്ന പ്രചാരണം കൊഴുപ്പിക്കാനായി ബിജെപി തന്നെ ആസൂത്രണം ചെയ്തതാണ് ശോഭയുടെ പ്രതികരണം എന്നും അഭിപ്രായം ഉയരുന്നുണ്ട്.
ശോഭയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് സിപിഎം നേതൃത്വവും ഇ.പി.ജയരാജന്‍ തന്നെയും രംഗത്തു വരേണ്ടതായിട്ടുണ്ട്. ഇല്ലെങ്കില്‍ ഇലക്ഷന്‍ കാലത്തെ മറ്റൊരു നുണബോംബ് എന്ന മുദ്ര ചാര്‍ത്തി ശോഭയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തി സിപിഎം വരേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പിന്റെ അവസാന നാളില്‍ ചര്‍ച്ച ഏതു വഴിയിലും ചര്‍ച്ച ചെയ്യുന്ന വിഷയമായി ഇത് മാറുകയാണ്.