Categories
kerala

മകനെ ഹോസ്റ്റലിലാക്കി മടക്കം മരണത്തിലേക്ക്…രാത്രിയില്‍ കണ്ണൂരിനെ നടുക്കിയ ദുരന്തത്തില്‍ കുടംബത്തിലെ 5 പേര്‍ മരിച്ചു

കോഴിക്കോട്ട് പഠിക്കുന്ന മകനെ ഹോസ്റ്റലിലാക്കി തിരിച്ചു വരികയായിരുന്ന പിതാവും കുടുംബത്തിലെ മറ്റ് നാല് പേരും സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി നേര്‍ക്കുനേര്‍ ഇടിച്ച് ദാരുണമായി മരിച്ചു. പിറകില്‍ വന്ന ലോറി ഇടിച്ചതിനെത്തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് മുന്നില്‍ എതിര്‍ദിശയില്‍ വന്ന ടാങ്കറിലേക്ക് ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി വൈകി കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ ആണ് അപകടം സംഭവിച്ചത്.

കാസര്‍ഗോഡ് സ്വദേശികള്‍ ഭീമനടി കമ്മാടം കക്കാടന്‍ സുധാകരന്‍(52), ഭാര്യ അജിത(33), അജിതയുടെ പിതാവ് കൃഷ്ണന്‍(65), ചെറുമകന്‍ ആകാശ്(9), കാലിച്ചാനടുക്കത്തെ പത്മകുമാര്‍(69) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിൽ സിഎയ്ക്കു ചേർത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും.

thepoliticaleditor

പാപ്പിനിശേരി–-പിലാത്തറ കെഎസ്‌ടിപി റോഡിൽ പുന്നച്ചേരി പെട്രോൾ പമ്പിന്‌ സമീപം തിങ്കൾ രാത്രി പത്തോടെയാണ്‌ അപകടം. നാല് പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചപ്പോള്‍ ആകാശ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരവെയാണ് മരിച്ചത്. ഗ്യാസ് ടാങ്കറിനടിയിലേക്ക് മുന്‍വശം പൂര്‍ണമായും കയറിപ്പോയിരുന്ന കാര്‍ നിശ്ശേഷം തകര്‍ന്നിരുന്നു. കാറില്‍ കുടുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ച് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.

പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. എതിരെ വന്ന ടാങ്കറിലാണ് കാര്‍ കൂട്ടിയിടിച്ചത്. പിന്നില്‍ മറ്റൊരു ലോറി ഇടിച്ചതിനെത്തുടര്‍ന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് എതിരെ വന്ന ടാങ്കറില്‍ ഇടിച്ചുകയറിയത് എന്നാണ് വിവരം. പിന്നില്‍ ലോറിയിടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് വലതു വശത്തേക്ക് തെന്നി മാറിപ്പോയപ്പോഴാണ് കാര്‍ എതിരെ വരികയായിരുന്ന ടാങ്കറിനടിയിലേക്ക് ഇടിച്ചു കയറിപ്പോയത്. ടാങ്കര്‍ ലോറി പരമാവധി ഇടതുഭാഗത്തേക്ക് ഒതുക്കി ഒാടിച്ച് അപകടം ഒഴിവാക്കാന്‍ ശ്രമിച്ചതിന്റെ സൂചനകള്‍ ഉണ്ട്. എന്നാല്‍ ഫലം കണ്ടില്ല.

അപകടം നടന്ന സ്ഥലത്തിനു സമീപത്ത് രാത്രിയില്‍ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്നവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സും എത്തി.
അപകടത്തില്‍ പെട്ട രണ്ട് ലോറിയുടെയും ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കെ.എല്‍. 58 ഡി 6753 എന്ന നമ്പറിലുള്ള കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ ബോണറ്റ് അടക്കമുള്ള ഭാഗം ലോറിയുടെ അടിയിലേക്ക് കയറി തകര്‍ന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. മരിച്ച നാലു പേരെ പുറത്തെടുക്കാനായത് ഫയര്‍ഫോഴ്‌സ് എത്തിയ ശേഷം മാത്രമായിരുന്നു. ഗ്യാസ് കട്ടര്‍ കൊണ്ട് കാറിന്റെ ബോഡി മുറിച്ചു നീക്കിയ ശേഷം മാത്രമായിരുന്നു പരിക്കേറ്റവരെ പുറത്തേക്കെടുക്കാന്‍ സാധിച്ചത്. അപ്പോള്‍ ഇവരെല്ലാം മരിച്ചിരുന്നു. പോക്കറ്റിലുണ്ടായിരുന്ന ആധാര്‍ കാര്‍ഡുകള്‍ ആണ് മരിച്ചവരില്‍ പലരെയും തിരിച്ചറിയാനും ബന്ധുക്കളെ വിവരം അറിയിക്കാനും സഹായിച്ചത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick