ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭീഷണികളെ പ്രതിരോധിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ കഴിവ് വിലയിരുത്താൻ ലക്ഷ്യമിട്ടുള്ള സംയുക്ത സുരക്ഷാ അഭ്യാസം ഇന്ത്യയും ഇസ്രായേലും ഡൽഹിയിൽ നടത്തിയതായി സ്ഥിരീകരണം. കഴിഞ്ഞയാഴ്ച നടത്തിയ സുരക്ഷാ പരിശീലനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഡൽഹി പോലീസ്, നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി), ഫയർ ഡിപ്പാർട്ട്‌മെൻ്റ്, ട്രാഫിക് പോലീസ് തുടങ്ങിയ വിഭാഗങ്ങളും ചേർന്നതായി ഇസ്രായേൽ എംബസി ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയും ഇസ്രായേലും തമ്മിലുളള ശക്തമായ നയതന്ത്ര സഹകരണത്തിന്റെ പ്രതിഫലനമായാണ് വിദേശകാര്യ നിരീക്ഷകര്‍ ഈ സംയുക്ത സുരക്ഷാ അഭ്യാസത്തെ വിലയിരുത്തുന്നത്. ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ സുരക്ഷാ അഭ്യാസത്തിൻ്റെ പ്രാധാന്യം പ്രത്യേകം എടുത്തു പറഞ്ഞു.

“ഇന്ത്യൻ സുരക്ഷാ സേനകളുമായുള്ള ഈ സംയുക്ത സുരക്ഷാ അഭ്യാസം ഒരു സുപ്രധാന നാഴികക്കല്ല് ആണ്. ഈ അഭ്യാസങ്ങൾ നമ്മുടെ രാജ്യങ്ങളുടെ സുരക്ഷയിലും പ്രതിരോധത്തിലും സഹകരണം ശക്തിപ്പെടുത്തും. സുരക്ഷിതമായ ഒരു ലോകത്തിനായി തുടർച്ചയായ സഹകരണം വളർത്തിയെടുക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു.”– അദ്ദേഹം പറഞ്ഞു.