നാമനിർദ്ദേശ പത്രിക നിരസിക്കപ്പെട്ട് ബിജെപിക്ക് തിരഞ്ഞെടുപ്പില്ലാതെ വിജയം ലഭിക്കാൻ സഹായം നൽകിയെന്ന് കരുതുന്ന സൂറത്തിലെ സ്ഥാനാർത്ഥി നിലേഷ് കുംഭാനിയെ കോൺഗ്രസ് 6 വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു.
“നിങ്ങളുടെ നാമനിർദ്ദേശ പത്രിക തള്ളിയത് നിങ്ങൾ ഒന്നുകിൽ അങ്ങേയറ്റം അശ്രദ്ധയുള്ള ആളായിരുന്നു അല്ലെങ്കിൽ ബി.ജെ.പി.യുമായി ബന്ധം പുലർത്തിയിരുന്നെന്ന് വ്യക്തമാക്കുന്നു. എന്നിരുന്നാലും സ്വാഭാവിക നീതിയുടെ തത്വങ്ങൾക്കനുസൃതമായി അച്ചടക്ക സമിതിക്ക് മുമ്പാകെ നിങ്ങളുടെ വാദം അവതരിപ്പിക്കാൻ മതിയായ സമയം നിങ്ങൾക്ക് നൽകി. എന്നാൽ പാർട്ടിക്ക് വിശദീകരണം നൽകാതെ പെട്ടെന്ന് അപ്രത്യക്ഷമായതാണ് നിങ്ങളെ ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്”– അച്ചടക്ക സമിതി അംഗം ബാലുഭായ് പട്ടേൽ ഒപ്പിട്ട സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
സൂറത്തിൽ നിന്നുള്ള മുൻ കോർപ്പറേറ്ററായ കുംഭാനി 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സൂറത്ത് നഗരത്തിലെ കാംറേജിൽ നിന്ന് പരാജയപ്പെട്ടിരുന്നു.
