ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ഹരിയാനയിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടിയായി മൂന്ന് സ്വതന്ത്ര എം.എൽ.എമാർ സംസ്ഥാനത്ത് നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായി ഇന്ന് പ്രഖ്യാപിച്ചു.
ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച വിവരം അറിയിച്ച് മൂന്ന് സ്വതന്ത്ര എംഎൽഎമാർ ഹരിയാന ഗവർണർക്ക് കത്തയച്ചു. 88 അംഗ സഭയിൽ ഇതോടെ സർക്കാർ ന്യൂനപക്ഷമായി.
ബിജെപിക്ക് ഇപ്പോൾ 40 എംഎൽഎമാരുണ്ട്. രണ്ട് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയുമുണ്ട് – പ്രിത്‌ലയിലെ നയൻ പാൽ റാവത്ത്, ബാദ്ഷാപൂരിലെ രാകേഷ് ദൗൽത്തബാദ്, ഹരിയാന ലോക്‌ഹിത് പാർട്ടിയുടെ ഗോപാൽ കാണ്ഡ എന്നിവർ. അങ്ങനെ ആകെ 42 പേർ . 45 അംഗങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഭൂരിപക്ഷം ഉണ്ടാവൂ. ബിജെപി സർക്കാരിന് മുമ്പ് ജെജെപി എംഎൽഎമാരുടെയും സ്വതന്ത്രരുടെയും പിന്തുണയുണ്ടായിരുന്നു, എന്നാൽ ജെജെപിയും നേരത്തെ പിന്തുണ പിൻവലിച്ചിരുന്നു. ഇപ്പോൾ സ്വതന്ത്രരും വിട്ടു പോയതോടെ സർക്കാർ ന്യൂനപക്ഷമായി.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകാൻ തീരുമാനിച്ചതായി സോംബിർ സാങ്‌വാൻ, രൺധീർ ഗൊല്ലെൻ, ധരംപാൽ ഗോന്ദർ എന്നീ മൂന്ന് എംഎൽഎമാരും പറഞ്ഞു. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ എന്നിവരുടെ സാന്നിധ്യത്തിൽ റോഹ്തക്കിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്.
മനോഹര്‍ ലാല്‍ ഖട്ടറിനെ മാറ്റി പുതിയതായി നിയോഗിച്ച നയാബ് സിംഗ് സൈനിയുടെ
സർക്കാരിൽ ചേർക്കാത്തതിനെ തുടർന്ന് സ്വതന്ത്ര എംഎൽഎമാർ അതൃപ്തരായിരുന്നു.
“മനോഹർലാൽ ഖട്ടർ അധികാരത്തിലിരിക്കുന്നതു വരെ ഞങ്ങൾ പിന്തുണയ്ക്കുമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. അദ്ദേഹം ഇനി അധികാരത്തിലില്ലാത്തതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്. കർഷകരുടെ താൽപര്യം കണക്കിലെടുത്ത് ഞങ്ങൾ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നു. ”– മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ധരം പാൽ ഗോന്ദർ പറഞ്ഞു.
ബാദ്ഷാപൂരിൽ നിന്നുള്ള എംഎൽഎ രാകേഷ് ദൗൽത്തബാദും അവരോടൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൃത്യസമയത്ത് വേദിയിലെത്താൻ സാധിച്ചില്ലെന്ന് പറയുന്നു.
ഹരിയാനയിൽ ബിജെപിയുടെ ഭരണകാലത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് പിന്തുണ പിൻവലിക്കാനുള്ള തങ്ങളുടെ തീരുമാനത്തിലെ പ്രധാന ഘടകങ്ങളെന്ന് രാജി വെച്ചവർ പറഞ്ഞു. “കഴിഞ്ഞ നാലര വർഷമായി ഞങ്ങൾ ബിജെപിക്ക് പിന്തുണ നൽകി വരുന്നു . ഇന്ന് തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഏറ്റവും ഉയർന്ന നിലയിലാണ്. ഇതെല്ലാം കണ്ട് ഞങ്ങൾ പിന്തുണ പിൻവലിക്കുന്നു. “– എംഎൽഎ മാർ പറഞ്ഞു.