ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇന്നും സുപ്രീം കോടതിയിൽ നിന്നും ആശ്വാസമില്ല. കേജ്‌രിവാളിന്റെ റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടി. ഇടക്കാല ജാമ്യത്തിൽ കേജ്‌രിവാളിനെ വിട്ടയച്ചാലും മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേജ്‌രിവാൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് കോടതി ജാമ്യം അനുവദിച്ചില്ല. കേജ്‌രിവാളിന്റെ ജാമ്യഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന നിലയിലുള്ള ചില പരാമര്‍ശങ്ങള്‍ നേരത്തെ സുപ്രീംകോടതി നടത്തിയിരുന്നു. ജാമ്യം കിട്ടാനുളള ഒരു വാതില്‍ തുറക്കുന്നുവെന്ന പ്രതീതി ഇതുണ്ടാക്കുകയും ചെയ്തു. കെജ്‌രിവാൾ ഒരു സ്ഥിരം കുറ്റവാളിയല്ലെന്നും ഇപ്പോൾ ഇലക്ഷൻ സമയമാണെന്നും ഇടക്കാല ജാമ്യത്തിൽ വിട്ടയക്കുന്നത് പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാൽ കോടതി അത്തരത്തിൽ തീരുമാനിക്കുന്നതിനെ ഇ.ഡി എതിർത്തു.
ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേജ്‌രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. മാർച്ച് 21 മുതൽ ഇ.ഡി കേസിൽ കസ്റ്റഡിയിലാണ് കേജ്‌രിവാൾ. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാലും മുഖ്യമന്ത്രി എന്ന നിലയിൽ കേജ്‌രിവാൾ ഫയലുകളിൽ ഒപ്പുവയ്‌ക്കുമോ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വിയോട് കോടതി ചോദിച്ചു. മദ്യനയ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ തീരുമാനം എടുക്കില്ല എന്നായിരുന്നു സിംഗ്‌വിയുടെ മറുപടി. അപ്പോഴാണ് ഇടക്കാല ജാമ്യം നൽകിയാലും കേജ്‌രിവാളിനെ ഫയലുകളിൽ ഒപ്പിടാൻ സമ്മതിക്കില്ലെന്ന് കോടതി പറഞ്ഞത്.