2019-ലെതിനെ അപേക്ഷിച്ച് കുറഞ്ഞ പോളിങ് ശതമാനം ആരെയാണ് തുണയ്ക്കുക-ഇക്കാര്യത്തിലുള്ള കൂട്ടലും കിഴിക്കലുമാണ് മൂന്ന് മുന്നണികളുടെ തലപ്പത്തും ഇപ്പോള്‍. പരമ്പരാഗത വിശ്വാസം പോളിങ് കുറഞ്ഞാല്‍ ഇടതുപക്ഷത്തിന് നേട്ടമായിരിക്കും എന്നതാണ്. എന്നാല്‍ ഇത് ആധുനിക കാലത്ത് ഒരു അന്ധവിശ്വാസമായിത്തീര്‍ന്നിട്ടുണ്ട്. കാരണം.2004-ല്‍ ഇടതുപക്ഷം അതിന്റെ എക്കാലത്തെയും വലിയ വിജയം നേടിയ തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം 77.77 ശതമാനം ആയിരുന്നു. അതേസമയം 77.84 ശതമാനം വോട്ടിങ് നടന്ന 2019-ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ലഭിച്ചത് ഒരു സീറ്റ് മാത്രവും. യു.ഡി.എഫ്. ആണ് അന്ന് 19 സീറ്റുകള്‍ നേടിയത്. അതായത് പോളിങ് കൂടുന്നത് യു.ഡി.എഫിനും കുറയുന്നത് എല്‍.ഡി.എഫിനും ഗുണകരമാകും എന്ന പഴയ വിശ്വാസത്തിനൊന്നും ഇപ്പോള്‍ വിലയില്ല എന്ന് അര്‍ഥം.
2004-ല്‍ എല്‍.ഡി.എഫിനും 2019-ല്‍ യു.ഡി.എഫിനും അനുകൂലമായ തരംഗം ഉണ്ടായിരുന്നു എന്നതിനുള്ള തെളിവായിരുന്നു പോളിങ് ശതമാനത്തിലെ വലിയ വര്‍ധന. ഈ രണ്ടു ഘട്ടങ്ങളിലും അതിനു തക്ക രാഷ്ട്രീയ സാഹചര്യങ്ങളും ഉണ്ടായിരുന്നു. ഇതാണ് കേരളത്തിലെ എടുത്തു പറയാവുന്ന ട്രെന്‍ഡ്. തരംഗം ഉണ്ട് എങ്കില്‍ വലിയ തോതില്‍ വോട്ടിങ് നടക്കും. ഇത്തവണ പോളിങ് ശതമാനം കുറഞ്ഞതിനാല്‍ തരംഗമില്ല എന്ന് പൊതുവെ അനുമാനിക്കാം. പക്ഷേ പോളിങ് ശതമാനം കുറഞ്ഞതിലെ ഒന്നാമത്തെ ഘടകം, തരംഗം ഇല്ലാത്തതല്ല, പകരം കാലാവസ്ഥയാണ്. രണ്ടമാത്തെ ഘടകം വോട്ടിങ് പ്രക്രിയയിലെ സാവകാശം മൂലം നീണ്ട ക്യൂവില്‍ നിന്ന് മടുത്ത് പലരും വോട്ട് ചെയ്യാന്‍ വന്ന് തരിച്ചു പോയതും പിന്നീട് വരാത്തതും ആണ്.
കടുത്ത ചൂടില്‍ കഷ്ടപ്പെട്ട് പോയി വോട്ട് ചെയ്യേണ്ടതില്ലെന്ന ഉദാസീന മനോഭാവം സ്വീകരിച്ചവരും ചൂടില്‍ കാത്തു നില്‍പ്പിന്റെ അവശത മുന്നില്‍ക്കണ്ട് വോട്ട് ചെയ്യല്‍ വേണ്ടെന്നു വെച്ചവരും ഏറെയാണ്. അത്ര ആവേശമില്ലാത്ത മാനസികാവസ്ഥയുള്ളവരാണ് ഇത്തവണ പോളിങ് ബൂത്തിലെത്താതെയിരുന്നവര്‍.

ക്രോസ് വോട്ടിങ് ആയിരിക്കും ഇത്തവണ മുന്നണികളുടെ പ്രതീക്ഷകള്‍ക്ക് ഏറ്റവും പ്രധാന വെല്ലുവിളിയായിരിക്കുക. ക്രോസ് വോട്ടിങ് നടന്നിട്ടില്ലെന്നാണ് പല സ്ഥാനാര്‍ഥികളും പരസ്യമായി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. എന്നാല്‍ യാഥാര്‍ഥ്യം അതാവില്ലെന്നാണ് വോട്ടര്‍മാരുടെ സ്വകാര്യ അഭിപ്രായസ്വരൂപണത്തിലൂടെ മനസ്സിലാവുന്നത്. ഇത്തവണ യു.ഡി.എഫ്. ഏറ്റവും ഭയപ്പെടേണ്ടത് ബിജെപിയിലേക്ക് വോട്ട് മാറുന്നതാണ്. ബിജെപിക്ക് വോട്ട് കൂടുന്നതില്‍ ഏറ്റവും വലിയ പങ്ക് തീര്‍ച്ചയായും കോണ്‍ഗ്രസിന്റെത് ആയിരിക്കും.

ഏറ്റവും അധികം ബിജെപി അനുകൂല മാനസികാവസ്ഥയുള്ളത് കോണ്‍ഗ്രസിലാണ് എന്നതിനാല്‍ കോണ്‍ഗ്രസിന് കുറയുന്ന വോട്ടുകള്‍ ബിജെപിയുടെ കൊട്ടയിലേക്കാണ് പോകുക. ബിജെപി എത്ര വോട്ടുകള്‍ നേടിയെടുക്കുന്നു എന്നത് കോണ്‍ഗ്രസിന്റെ വിജയ സാധ്യതയെ ബാധിക്കുന്ന വലിയ ഘടകമായിരിക്കും. ബിജെപിക്ക് ലഭിക്കാന്‍ സാധ്യതയുള്ള മറ്റ് വോട്ടുകളില്‍ പ്രധാനം നിലവിലുള്ള ഇരു മുന്നണികളെയും മടുത്തിരിക്കുന്ന ഇടത്തരം-മധ്യവര്‍ഗ വിഭാഗക്കാരുടെതും ഉദാസീന വോട്ടര്‍മാരുടെതും ആയിരിക്കും. ഇടതു പക്ഷത്തിന് ലഭിക്കേണ്ട വോട്ടുകളും സ്വാഭാവികമായും ഈ ഗണത്തില്‍ ഉണ്ടാവും. അതുകൊണ്ടു തന്നെ ബിജെപിയുടെ ഈ വിഭാഗത്തിലേക്കുള്ള കടന്നുകയറല്‍ മറ്റ് രണ്ടു മുന്നണികള്‍ക്കും ഒരു പോലെ വോട്ടു നഷ്ടത്തിനിടയാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

പോളിങ് ശതമാനം കുറഞ്ഞത് തങ്ങളുടെ വോട്ടുകള്‍ കൊണ്ടായിരിക്കില്ല എന്ന പരമ്പരാഗത വിശ്വാസം മാറ്റിവെച്ചാല്‍ ഇടതു പക്ഷത്തിനെ ചിന്തിപ്പിക്കേണ്ട പ്രധാന കാര്യം ഇത്തവണ ഇടതുപക്ഷത്തെ അസംതൃപ്ത വോട്ടുകള്‍ ചെയ്യപ്പെടാതിരുന്നാലും പോളിങ് ശതമാനം കുറയാം എന്നതാണ്. സംസ്ഥാനഭരണത്തിനോടുള്ള മടുപ്പില്‍ ഇത്തവണ ധാരാളം ഇടതുപക്ഷാനുകൂലികളായവര്‍ വോട്ടു ചെയ്യാന്‍ താല്‍പര്യം കാട്ടാതെയിരുന്നിട്ടുണ്ട്. മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് ചെയ്യാനുള്ള മാനസികാവസ്ഥയില്ലാത്ത ഇടതുപക്ഷാനുകൂലികള്‍ മടുപ്പും പ്രതിഷേധവും പ്രകടമാക്കാന്‍ വോട്ടു ചെയ്യാതിരുന്നതായി പറയുന്നുണ്ട്. പോളിങ് ശതമാനത്തിലെ കുറവിന് ഇതും കാരണമാകാമെന്ന് വ്യാഖ്യാനവും ഉണ്ട്.

മുസ്ലീം ജനവിഭാഗത്തിലും പരമ്പരാഗതായി ലീഗിന് വോട്ടു ചെയ്യുന്നവര്‍ക്കിടയില്‍ ഒരു മാന്ദ്യം ഇത്തവണ ഉണ്ടായതായി സൂചനയുണ്ട്. ഇത് രണ്ടു തരത്തിലാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഒരു കൂട്ടര്‍, അവര്‍ ഇ.കെ.വിഭാഗം സമസ്ത-യുടെ യുവാക്കളായ അനുയായികളാണ്, ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇടതുപക്ഷത്തോടൊപ്പം ചേരാന്‍ താല്‍പര്യമില്ലാതിരിക്കയും എന്നാല്‍ മുസ്ലീംലീഗ് സമസ്തയെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതില്‍ അമര്‍ഷം മനസ്സില്‍ സൂക്ഷിക്കയും ചെയ്യുന്നവര്‍ വോട്ടു ചെയ്യാതെ മാറിപ്പോയ ഒട്ടേറെ സ്വകാര്യ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്.
വിചിത്രമായ മറ്റൊരു സംഗതി, മലബാറിലെ പല ശക്തമായ ഇടതു പക്ഷസ്വാധീന മണ്ഡലങ്ങളിലെയും അടിയുറച്ച ഇടതുപക്ഷ വോട്ടര്‍മാര്‍, അവര്‍ എന്തു വിധേനയും വോട്ടു ചെയ്യുന്നവരാണ്, തങ്ങളുടെ കടുത്ത അമര്‍ഷം പ്രകടിപ്പിക്കാനെന്ന മട്ടില്‍ വോട്ടിങില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടാതിരുന്നിട്ടുണ്ട് എന്നതാണ്. അതിയായ സര്‍ക്കാര്‍ വിരുദ്ധ അമര്‍ഷമുള്ള പലരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്തിട്ടുമുണ്ട്. ഇടതുമുന്നണി വളരെ ഗൗരവത്തില്‍ പരിഗണിക്കേണ്ട ഒരു വോട്ടു ചോര്‍ച്ച കൂടിയായിരിക്കും ഇത്.