ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 88 മണ്ഡലങ്ങളിൽ വെള്ളിയാഴ്ച വൈകിട്ട് 7 മണി വരെ ഏകദേശം 61 ശതമാനം പോളിങ് രേഖപ്പെടുത്തി.. ത്രിപുരയിൽ 78.53 ശതമാനവും മണിപ്പൂരിൽ 77.18 ഉം ഉത്തർപ്രദേശിൽ 53.71 ശതമാനവും മഹാരാഷ്ട്രയിൽ 53.84 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
വോട്ടെടുപ്പ് ഏറെക്കുറെ സമാധാനപരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലാ പോളിംഗ് സ്റ്റേഷനുകളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ പോളിംഗ് രേഖപ്പെടുത്തിയതിൻ്റെ കണക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് ഇ.സി അറിയിച്ചു.
കോൺഗ്രസ് നേതാവ് ശശി തരൂർ, കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, നടനും രാഷ്ട്രീയ നേതാവുമായ അരുൺ ഗോവിൽ, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ സഹോദരൻ ഡികെ സുരേഷ് (കോൺഗ്രസ്), മുൻ കർണാടക മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി (ജെഡിഎസ്) എന്നിവരും ബിജെപിയുടെ ഹേമമാലിനിയും ലോക് സഭാ സ്പീക്കർ ഓം ബിർള, ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരും പ്രധാന സ്ഥാനാർത്ഥികളിൽ ഉൾപ്പെടുന്നു.
പോളിംഗ് അവസാനിച്ചതിന് ശേഷം മോദി ഇങ്ങനെ ട്വീറ്റ് ചെയ്തു– “രണ്ടാം ഘട്ടം വളരെ മികച്ചതായിരുന്നു!
ഇന്ന് വോട്ട് ചെയ്ത ഇന്ത്യയിലുടനീളമുള്ള ജനങ്ങൾക്ക് നന്ദി. എൻഡിഎക്കുള്ള സമാനതകളില്ലാത്ത പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശപ്പെടുത്താൻ പോകുന്നു. വോട്ടർമാർ എൻഡിഎയുടെ നല്ല ഭരണമാണ് ആഗ്രഹിക്കുന്നത്. യുവാക്കളും സ്ത്രീകളും ശക്തമായ എൻഡിഎ പിന്തുണ നൽകുന്നു.”