സേവന ആനുകൂല്യത്തില്‍ വിവേചനം നേരിടുന്നതിനെതിരെ കൂട്ടമായി രോഗ അവധി എടുത്ത് പ്രതിഷേധിച്ച എയര്‍ ഇന്ത്യ എക്‌സപ്രസിലെ മുതിര്‍ന്ന 327 വിമാന ജീവനക്കാര്‍ക്കെതിരെ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പ് പ്രതികാര നടപടി തുടങ്ങി. 25 പേരെ തല്‍ക്ഷണം പിരിച്ചു വിടുന്ന ഉത്തരവ് ഇന്നലെ രാത്രി ഇറക്കി. ഒരു കാരണവുമില്ലാതെയും മുന്‍കൂട്ടി തീരുമാനിച്ചും ആണ് ജോലിയില്‍ നിന്നും വിട്ടു നിന്നത് എന്ന ആരോപണം ഉന്നയിച്ചാണ് പിരിച്ചുവിടല്‍ നോട്ടീസ്. ജോലിക്ക് ഹാജരാവാത്തത് കരാറിന്റെ ലംഘനമാണെന്നും കത്തില്‍ പറയുന്നുണ്ടത്രേ. കത്ത് അയച്ച തീയതി മുതല്‍ പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരും.
ഡ്യൂട്ടി കോളിനോട് സഹകരിക്കുന്ന 2000 ക്യാബിന്‍ ക്രൂ സഹപ്രവര്‍ത്തകരുടെ പ്രതിനിധികളല്ല പണിമുടക്കില്‍ പങ്കെടുക്കുന്നവരെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ. അലോക് സിങ് അഭിപ്രായപ്പെട്ടു.

അതേസമയം ഇന്നും ജീവനക്കാരുടെ പ്രതിഷേധ അവധി കാരണം വിമാനങ്ങള്‍ തടസ്സപ്പെട്ടു. 70 സര്‍വ്വീസുകള സമരം ബാധിച്ചു. മെയ് 13 വരെ സര്‍വ്വീസുകള്‍ തടസ്സപ്പെടുമെന്ന് എയര്‍ലൈന്‍ മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.
നേരത്തെ ‘വിസ്താര’യിലും കൂട്ട പ്രതിഷേധം
എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം സത്യത്തില്‍ ഒരു അപ്രതീക്ഷിത സമരം അല്ലെന്നാണ് പറയുന്നത്. ടാറ്റയുടെ കീഴില്‍ തന്നെയുള്ള വിസ്താര എയര്‍ലൈന്‍സില്‍ കൂട്ട പ്രതിഷേധം നേരത്തെ ഉണ്ടാവുകയുണ്ടായി. ‘വിസ്താര’യെ സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സംയുക്ത സംരംഭ കരാറില്‍ ഉള്‍പ്പെടുത്തിയ ശേഷം ജീവനക്കാര്‍ വിവേചനം നേരിട്ടിരുന്നു എന്ന് പറയുന്നു. ഇതേത്തുടര്‍ന്ന് വിസ്താര എയര്‍ലൈന്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു. തുടര്‍ന്ന് വിസ്താരയ്ക്ക് തങ്ങളുടെ സര്‍വ്വീസുകള്‍ കാര്യമായി വെട്ടിച്ചുരുക്കേണ്ടി വന്നിരുന്നു.
ഇപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ മുന്‍പ് ‘എയര്‍ ഏഷ്യ’ ആയിരുന്ന ഇപ്പോഴത്തെ ‘എ.ഐ.എക്‌സ് കണക്ട്’ എന്ന കമ്പനിയില്‍ ലയിപ്പിച്ചപ്പോഴാണ് ഇവിടെയും എയര്‍ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ വിവേചനം ആരോപിച്ച് പ്രതിഷേധിച്ചിരിക്കുന്നത്.
സേവന വേതന വ്യവസ്ഥകളില്‍ തങ്ങളോട് ടാറ്റ മാനേജ് മെന്റ് കാണിക്കുന്ന കടുത്ത വിവേചനമാണ് കൂട്ട പ്രതിഷേധത്തിന് ഇവിടെയും കാരണമായത്. ടാറ്റഗ്രൂപ്പിനോട് കടുത്ത അമര്‍ഷമാണ് എല്ലാ ജീവനക്കാരും രേഖപ്പെടുത്തുന്നത്.