സംസ്ഥാന സര്‍ക്കാരുമായി ഉടക്കിക്കൊണ്ട് ഒപ്പിടാതെ വെച്ചിരുന്ന അഞ്ചു ബില്ലുകളില്‍ ഒടുവിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു . ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ഭൂപതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പു വയ്ക്കാത്തതിന്റെ പേരില്‍ മുന്‍ മന്ത്രി എം.എം.മണി ഗവര്‍ണറെ രൂക്ഷമായ ഭാഷയില്‍ ആക്ഷേപിച്ചിരുന്നു. ഗവര്‍ണറുടെ ഇടുക്കി സന്ദര്‍ശന വേളയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തു.
ഭൂപതിവ് നിയമ ഭേദഗതി ബില്ലിനെതിരെ ഗവര്‍ണര്‍ക്കു ലഭിച്ച പരാതികള്‍ 4 മാസം മുന്‍പ് സര്‍ക്കാരിലേക്ക് അയച്ചു കൊടുത്തിരുന്നു. ഇതിനുള്ള മറുപടി ചീഫ് സെക്രട്ടറി രാജ്ഭവനില്‍ എത്തിക്കുകയും ചെയ്തിരുന്നു. ഈ ബില്‍ ഇടുക്കി ജില്ലയെ മാത്രം ലക്ഷ്യമാക്കി പാസാക്കിയതല്ലെന്നും കേരളത്തെ മൊത്തം ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുള്ള ബില്‍ ആണെന്നും ചീഫ് സെക്രട്ടറി രേഖാമൂലം വിശദീകരിച്ചു. സര്‍ക്കാര്‍ തൃപ്തികരമായ മറുപടി നല്‍കിയാല്‍ ബില്ലിന് അംഗീകാരം നല്‍കാമെന്ന നിലപാടായിരുന്നു ഗവർണർക്ക്.
