കാട്ടാന ആക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ടിങിന് അയക്കപ്പെട്ട മാതൃഭൂമി ന്യൂസ് കാമറാമാന് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണാന്ത്യം. മാതൃഭൂമി പാലക്കാട് ബ്യൂറോയിലെ കാമറാമാന്‍ എ.വി.മുകേഷ്(34) ആണ് മരിച്ചത്. അപകടകരമായ സാഹചര്യത്തിലേക്ക് കടന്നു പോകേണ്ടി വന്ന മുകേഷ് വാര്‍ത്താ ചാനല്‍ പ്രവര്‍ത്തനത്തിനിടയിലെ രക്തസാക്ഷിയായി മാറി.
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി വത്താന്‍ വീട്ടില്‍ ഉണ്ണിയുടേയും ദേവിയുടേയും മകനാണ് മു കേഷ് . ഇന്ന് രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിംഗിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം. കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട വാര്‍ത്താ സംഘം ചിതറിയോടി. പക്ഷേ മുകേഷ് കാട്ടാനയുടെ മുന്നില്‍പ്പെട്ടു. ആനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കററ മുകേഷിനെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ ടിഷ ആണ് മുകേഷിന്റെ ഭാര്യ.

രാവിലെ എട്ടു മണിയോടടുത്താണ് സംഭവം. പി.ടി.14 എന്ന അക്രമാസക്തയുള്ള ആനയാണ് മുകേഷിനെ ആക്രമിച്ചത്. ആനയെക്കണ്ട് മുകേഷും റിപ്പോര്‍ട്ടര്‍ ഗോകുലും മറ്റൊരു ഫോട്ടോഗ്രാഫറും തിരിഞ്ഞോടി. മുകേഷ് ഇടയ്ക്ക് വീണു പോയി. ആദ്യം മറ്റ് രണ്ടുപേരുടെ പിറകെ പോയ ആന പിന്നീട് വീണു പോയ മുകേഷിനടുത്തേക്ക് പാഞ്ഞുവന്ന് അദ്ദേഹത്തിന്റെ വയറിന്റെ ഭാഗത്ത് ചവിട്ടുകയായിരുന്നു.
ഡെല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന മുകേഷ് ഒരു വര്‍ഷമേ ആയുള്ളൂ നാട്ടിനടുത്ത പാലക്കാട് എത്തിയിട്ട്. മാതൃഭൂമിയുടെ തന്നെ ഓണ്‍ലൈന്‍ മാധ്യമത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെക്കുറിച്ചുള്ള ശ്രദ്ധേയമായ കോളം ‘അതിജീവനം’ എഴുതി ശ്രദ്ധേയനായിരുന്നു മുകേഷ്.