ചൈന അനുകൂല പ്രചാരണത്തിന് ന്യൂസ് പോർട്ടലിന് വൻ തുക ലഭിച്ചെന്ന ആരോപണത്തെത്തുടർന്ന്, 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ന്യൂസ്‌ക്ലിക്കിനെതിരെ ഡൽഹി പോലീസിൻ്റെ സ്‌പെഷ്യൽ സെൽ ശനിയാഴ്ച ആദ്യ കുറ്റപത്രം സമർപ്പിച്ചു. പട്യാല ഹൗസ് കോടതിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി ഡോ. ഹർദീപ് കൗറിന് മുമ്പാകെ സമർപ്പിച്ച കുറ്റപത്രത്തിനു 8000 പേജുകൾ ഉണ്ട്. ന്യൂസ്‌ക്ലിക്കിൻ്റെ സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീർ പുർക്കയസ്ത, പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരെയാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നതെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വക്കേറ്റ് അഖണ്ഡ് പ്രതാപ് സിംഗ്, സൂരജ് രതി എന്നിവർ കോടതിയെ അറിയിച്ചു.
ഡൽഹി പട്യാല ഹൗസ് കോടതി കഴിഞ്ഞ വർഷം ഡിസംബറിൽ കുറ്റപത്രം സമർപ്പിക്കാൻ ഡൽഹി പൊലീസിന് സമയം നീട്ടിനൽകിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ പോലീസിന് ആദ്യം രണ്ട് മാസവും പിന്നീട് 20 ദിവസവും കാലാവധി നീട്ടി നൽകി.