Categories
kerala

ഇതും മാധ്യമങ്ങളുണ്ടാക്കിയത്, നിയമ നടപടിക്ക് ജയരാജന് പാര്‍ടി അനുമതി നല്‍കി, നന്ദകുമാറുമായുള്ള ബന്ധമെല്ലാം അവസാനിപ്പിക്കാന്‍ പാര്‍ടി നിര്‍ദ്ദേശിച്ചു- വിശദീകരിച്ച് എം.വി.ഗോവിന്ദന്‍

മാധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരോധമാണ് ആരോപണത്തിനു പിന്നിലെന്ന് ഗോവിന്ദന്‍…
ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ പാര്‍ടി നിര്‍ദ്ദേശം നല്‍കി

Spread the love

ഇ.പി.ജയരാജനെതിരായി ഉയര്‍ന്ന ബിജെപി പ്രവേശന വിവാദത്തില്‍ അദ്ദേഹത്തെ പ്രതിരോധിച്ച് സിപിഎം. ഇ.പി.ജയരാജനെതിരെ മാധ്യമങ്ങളുടെ സഹായത്തോടെ കള്ളപ്രചാരണം നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമപരമായ തുടര്‍നടപടിക്ക് ജയരാജന് പാര്‍ടി അനുമതി നല്‍കിയതായി ഗോവിന്ദന്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ പാര്‍ടി നിര്‍ദ്ദേശം നല്‍കിയതായും ഗോവിന്ദന്‍ പറഞ്ഞു.

സിപിഎം സംസ്ഥാന നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

thepoliticaleditor

ഇ.പി.ജയരാജനെതിരെ തല്‍ക്കാലം പ്രതിരോധിച്ചുകൊണ്ടുള്ള നിലപാടാണ് പാര്‍ടി സ്വീകരിച്ചതെന്ന് ഗോവിന്ദന്റെ വിശദീകരണത്തില്‍ വ്യക്തമാക്കപ്പെട്ടു. മാധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരോധമാണ് ആരോപണത്തിനു പിന്നിലെന്ന് ഗോവിന്ദന്‍ പറഞ്ഞു.

“വെറുതെ ചര്‍ച്ചയുണ്ടാക്കാന്‍ നിങ്ങള്‍ പറയുകയാണ്. ശോഭ സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കും. രാഷ്ട്രീയ എതിരാളികളെ കണ്ടാല്‍ പ്രത്യയശാസ്ത്ര ബോധം തകര്‍ന്നു പോകുമെന്നത് പൈങ്കിളി സങ്കല്‍പമാണ്. ഇല്ലാത്ത ചോദ്യം ചോദിച്ച് ഇല്ലാത്ത ഉത്തരം പറയിപ്പിക്കുകയാണ് നിങ്ങള്‍. ശോഭ സുരേന്ദ്രന്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നയാളാണ്. ജയരാജന്‍ അവരെ തൃശ്ശൂരോ ഡെല്‍ഹിയിലോ വെച്ച് കണ്ടു എന്നതെല്ലാം ശുദ്ധ അസംബന്ധമാണ്.” – മാധ്യമങ്ങളെ പഴിച്ചുകൊണ്ട് ജയരാജന്‍ പറഞ്ഞു.

എന്‍.കെ.പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചത് തെറ്റാണെന്ന് പറയുമ്പോള്‍ പ്രകാശ് ജാവഡേക്കര്‍ ഇ.പി.യുടെ വീട്ടിലെത്തി സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്ന് പറയുന്നതില്‍ വൈരുദ്ധ്യമില്ലേ എന്ന ചോദ്യത്തിന് രണ്ടും ഒരുപോലെയല്ല എന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

മാധ്യമങ്ങളെ പ്രതിസ്ഥാനത്തു നിര്‍ത്തിയാണ് വാര്‍ത്താ സമ്മേളനത്തിലുടനീളം ഗോവിന്ദന്‍ സംസാരിച്ചതെങ്കിലും അത് സൗഹാര്‍ദ്ദപരമായ സ്വരത്തിലാക്കാന്‍ പതിവിനു വിപരീതമായി ശ്രമം നടന്നത് കൗതുകകരമായി. ഇടയ്ക്ക് തമാശയും ചിരിയുമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്.

ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന നേതൃയോഗത്തില്‍ ജയരാജന്‍ തനിക്കെതിരായ ആക്ഷേപത്തില്‍ തനിക്ക് പറയാനുള്ളത് വിശദീകരിച്ചു. ആക്ഷേപത്തില്‍ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലേക്കാണ് യോഗം എത്തിയത്. ആക്ഷേപമുള്ളവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ടി ജയരാജന് അനുമതി നല്‍കുകയായിരുന്നു. ചില മാധ്യമപ്രവര്‍ത്തകരുടെ പേരുകളും യോഗത്തില്‍ ഉയര്‍ത്തപ്പെട്ടതായി സൂചനയുണ്ട്. അങ്ങിനെയെങ്കില്‍ അവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാമെന്ന അനുമതിയാണ് സിപിഎം നല്‍കിയിരിക്കുന്നത്. അതിനപ്പുറം പ്രത്യേകിച്ചൊരു ആഭ്യന്തര അന്വേഷണവും ഇക്കാര്യത്തില്‍ പാര്‍ടി നടത്താനില്ലെന്ന സൂചനയാണ് നേതൃയോഗാനന്തരം ലഭിക്കുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick