ഒരു പാട് വിവാദമുയർത്തിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ സമരസമിതി നടത്തി വന്നിരുന്ന സമരം ഒത്തുതീർപ്പായി. പരിഷ്കരണത്തിൽ അയവു വരുത്താനും കാര്യമായ വിട്ടു വീഴ്ചകൾ ചെയ്യാനും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറും മോട്ടോർ വാഹനവകുപ്പും തയ്യാറായതോടെയാണ് സമരം പിൻവലിക്കാൻ ഡ്രൈവിംഗ് സ്‌കൂൾ സമര സമിതി തീരുമാനിച്ചത്. മന്ത്രി ഗണേശ് കുമാറും ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലേതാണ് തീരുമാനം.
നിലവിലുള്ള പല സംഗതികളും അതേ പോലെ തുടരാൻ തീരുമാനം ഉണ്ട്.
പ്രധാന ധാരണകൾ ഇവയാണ്:
ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷമാക്കി ഉയർത്തും . ഡ്രൈവിംഗ് പരിഷ്കരണ സർക്കുലർ പിൻവലിക്കില്ല. എന്നാൽ സർക്കുലറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.
രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകൾ. ക്വാളിറ്റിയുള്ള ലൈസൻസ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോർ വാഹന വകുപ്പ് വെക്കും.
പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ‍് ടെസ്റ്റും നടത്തും. കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കും.
പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തിൽ മാറ്റം വരുത്തി. ഒരു എംവിഐ മാത്രമുള്ള സ്ഥലത്ത് പ്രതിദിനം 40 ടെസ്റ്റുകളും രണ്ട് എംവിഐമാരുള്ള സ്ഥലത്ത് 80 ടെസ്റ്റുകളും പ്രതിദിനം നടത്തും. ഡ്രൈവിംഗ് സ്കൂൾ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കും.