പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റിൽ എത്താൻ സാധ്യതയില്ലെന്നും ഇന്ത്യാ സംഘം 300 സീറ്റുകളുടെ പരിധി അനായാസം കടക്കുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെട്ടു. “ഇന്ത്യ ബ്ലോക്ക് കുറഞ്ഞത് 315 സീറ്റെങ്കിലും നേടും, ബിജെപിക്ക് പരമാവധി 195 സീറ്റുകൾ ലഭിക്കും.”–കൊൽക്കത്തയിൽ നിന്ന് 78 കിലോമീറ്റർ അകലെയുള്ള നോർത്ത് 24 പർഗാനാസിലെ പട്ടണമായ ബോങ്കോണിൽ നടന്ന റാലിയിൽ അവർ പറഞ്ഞു.
തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടം അവസാനിച്ചപ്പോൾ, പ്രധാനമന്ത്രി മോദി അധികാരത്തിൽ തിരിച്ചെത്തില്ലെന്ന് മമത ഉറപ്പിച്ചു പറഞ്ഞു. “ഇത്തവണ ഇന്ത്യാ ബ്ലോക്ക് അധികാരത്തിൽ വരുമെന്ന് ഞാൻ ഉറപ്പാക്കും. ഡൽഹിയിൽ മോദി ഉണ്ടാകില്ല. ഇന്നലെ വരെ ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ; അവർക്ക് ഏകദേശം 190-195 സീറ്റുകൾ ലഭിക്കും. ഇന്ത്യാ ബ്ലോക്കിന് 315 സീറ്റുകൾ ലഭിക്കും”.– അവർ പറഞ്ഞു.

400 സീറ്റുകൾ നേടുമെന്ന് കാവി പാർട്ടി ഇനി വീമ്പിളക്കേണ്ടതില്ലെന്നും മമത ബിജെപിയെ പരിഹസിച്ചു. “മോദി ഇത്തവണ അധികാരത്തിൽ വരില്ല. ഇതുവരെയുള്ള പോളിങ് മികച്ചതായിരുന്നു. അതുകൊണ്ടാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ ഭയക്കുന്നത്. 400 സീറ്റുകളെ കുറിച്ച് അവർ ഇനി വീമ്പിളക്കേണ്ടതില്ല. ”– മമത അവർ പറഞ്ഞു.