തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി തർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യദു ഓടിച്ചിരുന്ന ബസിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് നഷ്ടപ്പെട്ടതിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി മന്ത്രി കെബി ഗണേശ് കുമാർ.
സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ലെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. അതേസമയം ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെമ്മറി കാർഡുണ്ടായിരുന്നുവെന്നാണ് ഡ്രൈവർ യദു പറയുന്നത്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് തിരിച്ചെത്തിയ ശേഷം പൊലീസ് പരിശോധന നടത്തുകയായിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്.
മെമ്മറി കാർഡ് ആരോ മാറ്റിയതാകാമെന്നാണ് ഡ്രൈവർ യദു പറയുന്നത്. താൻ ബസ് ഓടിക്കുമ്പോൾ സിസിടിവി പ്രവർത്തിച്ചിരുന്നെന്നും ദൃശ്യങ്ങൾ പുറത്തുവരണമെന്നും യദു പറഞ്ഞു. തൃശൂരിൽ നിന്ന് വണ്ടി പുറപ്പെട്ടത് മുതൽ ക്യാമറ പ്രവർത്തിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ മെമ്മറി കാർഡ് കാണാതായത് അന്വേഷിക്കുമെന്ന് മന്ത്രി ഗണേശ് കുമാർ അറിയിച്ചു. കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കറിനാണ് മന്ത്രി നിർദ്ദേശം നൽകിയത്.
നടുറോഡിൽ സീബ്രാലൈനിൽ കാര്‍ കുറുകെയിട്ട് മേയറും എംഎൽഎയും ബന്ധുക്കളും കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ശനിയാഴ്ച രാത്രി 9.45-ന് പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലെ സിഗ്നലിലാണ് സംഭവം. പ്ലാമൂട് – പിഎംജി റോഡിൽ ബസും കാറും സമാന്തരമായി വരുന്നതും ഒടുവിൽ പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
കാറിലുണ്ടായിരുന്നവരെ ഡ്രൈവർ യദു അശ്ലീല ആംഗ്യം കാട്ടിയെന്ന ആരോപണം മേയര്‍ ആര്യ രാജേന്ദ്രന്‍ ഉയര്‍ത്തിയതോടെയാണ് ബസ് തടഞ്ഞ സംഭവം വന്‍ വിവാദമായത്. അന്വേഷണം ആവശ്യപ്പെട്ട് ആര്യ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടപടി തുടങ്ങുകയായിരുന്നു.