എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്തതിനെതിരെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച തള്ളി. കെജ്‌രിവാളിൻ്റെ അറസ്റ്റ് നിയമ വിരുദ്ധമല്ലെന്നും റിമാൻഡിനെ നിയമവിരുദ്ധമെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. അറസ്റ്റും റിമാന്‍ഡും നിയമപരമെന്ന് ഹൈക്കോടതി പറഞ്ഞു. മദ്യനയം രൂപീകരിച്ചതില്‍ കെജ്രിവാളിന് പങ്കുണ്ടെന്നതിന് ഇ.ഡി. രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നുള്ള ആം ആദ്മി പാര്‍ടിയുടെ അവകാശവാദത്തിന് ഏറ്റ തിരിച്ചടിയാണ് ഇത്.
അതേസമയം, കേസ് ഗൂഢാലോചനയാണെന്ന വാദം ആവര്‍ത്തിച്ച് ആംആദ്മി പാര്‍ടി നേതാവ് സഞ്ജയ്‌സിങ് രംഗത്തു വന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്ന് സഞ്ജയ് സിങ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. “ഈ കേസ് ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണ്, ഇതിന് പിന്നിലെ ലക്ഷ്യം ഏതെങ്കിലും അന്വേഷണമല്ല, മറിച്ച് അരവിന്ദ് കെജ്‌രിവാളിനെയും പഞ്ചാബ് സർക്കാരിനെയും അവസാനിപ്പിക്കുക എന്നതാണ്.”– സഞ്ജയ് സിങ് പറഞ്ഞു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സ്വന്തം വാദം ഉറപ്പിക്കാനും നീതി തേടാനുമാണ് ആം ആദ്മി പാര്‍ടി ഇനി ശ്രമിക്കുക എന്ന് വ്യക്തമായിക്കഴിഞ്ഞു.
ഡെല്‍ഹി ഹൈക്കോടതിയുടെ ഇന്നത്തെ വിധിയോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള സാധ്യതയും ഏറിയിരിക്കയാണ്. എന്നാല്‍ കെജരിവാള്‍ ജയിലില്‍ നിന്നു തന്നെ ഭരിക്കുമെന്ന് പാര്‍ടി ആവര്‍ത്തിക്കുകയാണ്. അതേസമയം, പുതിയൊരു മുഖ്യമന്ത്രിയെ നിശ്ചയിച്ച് അവസാന നിമിഷം രാഷ്ട്രപതി ഭരണത്തിനെതിരായ നീക്കം നടത്താനും സാധ്യതയുണ്ടെന്ന് ഡല്‍ഹി ഉപശാലകളില്‍ സംസാരമുയരുന്നുണ്ട്.