തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം കേരള ഹൈക്കോടതി ശരിവച്ചു. എതിർ സ്ഥാനാർത്ഥിയായ സിപിഎം നേതാവ് എം സ്വരാജ് നൽകിയ ഹർജി തള്ളി. തെരഞ്ഞെടുപ്പിൽ മത ചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്ന ആരോപണം സാധൂകരിക്കുന്ന സാക്ഷിമൊഴികളില്ലെന്നും പ്രോസിക്യൂഷൻ സാക്ഷിമൊഴികൾ സംശയത്തിന് അതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് സ്വരാജിന് വേണ്ടി ഹാജരാക്കിയ രണ്ടു മുതൽ അഞ്ചു വരെയുള്ള സാക്ഷികൾ പറഞ്ഞതൊന്നും വിശ്വാസ്യയോഗ്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
വിധിയിൽ വളരെയേറെ സന്തോഷമുണ്ടെന്ന് കെ ബാബുവും വിചിത്രമായ വിധിയെന്ന് എം.സ്വരാജും പ്രതികരിച്ചു. വിധിപ്പകര്‍പ്പ് വിശദമായി പഠിച്ച ശേഷം തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സ്വരാജ് പ്രതികരിച്ചു. ജനകീയ കോടതി വിധി മാനിക്കാത്ത സിപിഎം, കോടതി വിധിയെങ്കിലും മാനിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. അയ്യപ്പന്റെ ചിത്രം വച്ച് താൻ സ്ലിപ് അടിച്ചിട്ടില്ല. എല്ലാം കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു. വിധി യുഡിഎഫ് പ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ആവേശമാകുമെന്നും കെ ബാബു പ്രതികരിച്ചു.