തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യും ഉള്‍പ്പെട്ട ബസ് തടയല്‍ വിവാദത്തില്‍ ബുധനാഴ്ച ഉണ്ടായിരിക്കുന്ന വഴിത്തിരവിന് ഉത്തരവാദിത്തം പൊലീസ് അനാസ്ഥയാണെന്ന വിമര്‍ശനം ഉയരുന്നു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ അടുത്ത ദിവസം തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ബുധനാഴ്ച മാത്രമാണ് ബസ്സിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് പിടിച്ചെടുക്കാന്‍ പൊലീസ് നീങ്ങിയത്. അപ്പോഴേക്കും കാര്‍ഡ് നഷ്ടമായിരിക്കുന്നതായാണ് കണ്ടത്. ഇതിനിടയില്‍ വിവാദ ബസ് അതിന്റെ ദിന സര്‍വ്വീസുകള്‍ പലദിവസം നടത്തിയിരുന്നു. കാര്‍ഡ് നഷ്ടപ്പെട്ടത് എവിടെ നിന്ന്, എപ്പോള്‍, ആരാണ് കാര്‍ഡ് എടുത്തു മാറ്റിയത് എന്നീ കാര്യങ്ങള്‍ സംഭവത്തിന്റെ ദുരൂഹത കൂട്ടുന്ന സാഹചര്യത്തിലേക്കും വന്നിരിക്കുന്നു.
മറ്റൊരു പ്രധാന കാര്യം വിവാദ ബസ്സില്‍ ഘടിപ്പിച്ചിരിക്കുന്ന സിസിടിവി ഉപകരണത്തിന്റെ സ്വഭാവം അനുസരിച്ച് മെമ്മറി കാര്‍ഡ് പ്രത്യേകം ലഭ്യമായാല്‍ മാത്രമേ അതിലെ ഡാറ്റ കിട്ടുകയുള്ളൂ എന്നതാണെന്ന് സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആധുനിക സിസിടിവി ഉപകരണങ്ങളില്‍ മെമ്മറികാര്‍ഡും പ്രധാന ഘടകത്തോടൊപ്പം ചേര്‍ന്നിരിക്കുന്ന തരം സംവിധാനം ഉണ്ട്. അത്തരം ഉപകരണങ്ങളില്‍ നിന്നാണെങ്കില്‍ ഡാറ്റ പ്രധാന ഘടകത്തില്‍ നിന്നു തന്നെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുമായിരുന്നു എന്നും പറയുന്നു. എന്നാല്‍ വിവാദ ബസ്സില്‍ ഘടിപ്പിച്ച ഉപകരണം അത്തരം ആധുനിക വിഭാഗത്തില്‍ പെട്ടതല്ല.