ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിഭാവ് കുമാറിനെ വിജിലന്‍സ് ഡയറക്ടറേറ്റ് പിരിച്ചു വിട്ടു. ഇദ്ദേഹത്തിന്റെ നിയമനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടല്‍. സെക്രട്ടറി ബിഭാവ് കുമാറിനെതിരെ 2007 മുതൽ നിലനിൽക്കുന്ന കേസ് ചൂണ്ടിക്കാട്ടി വിജിലൻസ് സ്‌പെഷ്യൽ സെക്രട്ടറി വൈവിവിജെ രാജശേഖറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ആം ആദ്മി പാര്‍ടിക്ക് തുടര്‍ച്ചയായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രതികാര നടപടിയെന്നാണ് വിലയിരുത്തല്‍.
ഡൽഹി എക്സൈസ് പോളിസി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച കുമാറിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി . താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ച് നിയമനം നടത്തിയതിനാൽ കുമാറിൻ്റെ സർവീസ് അടിയന്തരമായി അവസാനിപ്പിച്ചതായി സ്പെഷ്യൽ സെക്രട്ടറി (വിജിലൻസ്) വൈവിവിജെ രാജശേഖർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ഡൽഹി എക്സൈസ് പോളിസി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഈ ആഴ്ച ആദ്യം ബിഭാവ് കുമാറിനെ ചോദ്യം ചെയ്തിരുന്നു . ബിഭാവ് കുമാർ തൻ്റെ സേവനം തുടരണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അഭ്യർത്ഥനയെ പരാമർശിച്ചാണ് പിരിച്ചുവിടൽ ഉത്തരവ് നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കെജ്രിവാളിനെതിരായ നീക്കത്തിന്റെ ഭാഗമാണ് ഈ പിരിച്ചുവിടല്‍ എന്നതിന്റെ സൂചനയാണിത് നല്‍കുന്നത്.