വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുർഷിദാബാദിലെ സ്ഥാനാർത്ഥിയായി സിപിഎം പശ്ചിമ ബംഗാൾ സെക്രട്ടറി മുഹമ്മദ് സലിമിനെ ഇടതുമുന്നണി ശനിയാഴ്ച പ്രഖ്യാപിച്ചു.
12 വർഷം രാജ്യസഭയിൽ സിപിഎമ്മിനെ പ്രതിനിധീകരിച്ച സലിം രണ്ട് തവണ ലോക്‌സഭാംഗം കൂടിയായിരുന്നു. 2019ൽ റായ്ഗഞ്ചിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടു. 2021-ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഹൂഗ്ലിയിലെ ചണ്ഡിതല അസംബ്ലി സീറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഇടതുമുന്നണിയുടെ രണ്ടാം പട്ടികയിൽ മുഹമ്മദ് സലിമിനൊപ്പം മറ്റ് മൂന്ന് സിപിഎം സ്ഥാനാർത്ഥികളുടെ പേരുകളും പ്രഖ്യാപിച്ചു. റാണാഘട്ടിൽ അലോകേഷ് ദാസ്, ബർദ്വാൻ-ദുർഗാപൂരിൽ സുകൃതി ഘോഷാൽ, ബോൽപൂർ മണ്ഡലത്തിൽ ശ്യാമലി പ്രധാൻ എന്നിവരെയാണ് മത്സരിപ്പിക്കുന്നത്.
ഇടതുമുന്നണി മൊത്തം 42 ലോക്‌സഭാ സീറ്റുകളിൽ 16 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. 13 എണ്ണം സി.പി.ഐ.എമ്മിൽ നിന്നും ഓരോ സ്ഥാനാർത്ഥികൾ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ഫോർവേഡ് ബ്ലോക്ക് എന്നിവയിൽ നിന്നുമാണ്.